ലഖ്‍നൗ: സോന്‍ഭദ്ര കൂട്ടക്കൊലയില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ നേരില്‍ കാണണമെന്നാവശ്യപ്പെട്ട് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി നടത്തുന്ന പ്രതിഷേധം 24 മണിക്കൂര്‍ പിന്നിട്ടു.  മിര്‍സാപ്പൂരിലെ പ്രതിഷേധ സ്ഥലത്തേക്ക് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ എത്തിയെങ്കിലും മുഴുവന്‍ ആളുകളെയും കാണാന്‍ പൊലീസ് അനുവദിച്ചില്ലെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. സംഭവത്തില്‍ ഗവര്‍ണ്ണര്‍ ഇടപെടണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. 

ഒരു പകലും രാത്രിയും പിന്നിട്ട ശേഷവും പ്രിയങ്കയുടെ പ്രതിഷേധം തുടരുകയാണ്. സോന്‍ഭദ്രയില്‍ സ്ത്രീകളുള്‍പ്പടെ 10 ആദിവാസികളെ ഗ്രാമത്തലവനും കൂട്ടാളികളും കഴിഞ്ഞ ബുധനാഴ്ചയാണ് വെടിവെച്ചുക്കൊന്നത്. മരിച്ച പത്ത് പേരുടെയും കുടുംബാംഗങ്ങളെ കാണാതെ മടങ്ങില്ലെന്നാണ് പ്രിയങ്കയുടെ നിലപാട്. എന്നാല്‍, നിരോധനാജ്ഞ നിലനില്‍ക്കുന്ന സോന്‍ഭദ്രയില്‍ പ്രിയങ്കക്ക് പ്രവേശനം അനുവദിക്കില്ലെന്ന് യോഗി സര്‍ക്കാര്‍ വ്യക്തമാക്കി.

മറ്റൊരു സ്ഥലത്ത് കൂടിക്കാഴ്ച അനുവദിക്കാമെന്ന് നിലപാടറിയിച്ചെങ്കിലും കോണ്‍ഗ്രസ് പ്രവര്‍ത്തകരിടപ്പെട്ട് മരിച്ചവരുടെ കുടുംബാംഗങ്ങളില്‍ ചിലരെ പ്രിയങ്ക പ്രതിഷേധിക്കുന്ന മിര്‍സാപ്പൂര്‍ ഗസ്റ്റ് ഹൗസ് പരിസരത്തെത്തിച്ചു. എന്നാല്‍ നിരോധനാജ്ഞ നിലനില്‍ക്കുന്ന മിര്‍സാപ്പൂരില്‍ നിന്ന് വേഗം പിരിഞ്ഞുപോകണമെന്ന് ആള്‍ക്കൂട്ടത്തോട് പൊലീസ് ആവശ്യപ്പട്ടു. നിരോധനാജ്ഞയെന്നത് പൊലീസിന്‍റെ നാടകമാണെന്ന് പരിഹസിച്ച പ്രിയങ്ക തന്‍റെ ആവശ്യം നടപ്പാകാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് വ്യക്തമാക്കി. 

കോണ്‍ഗ്രസ് നേതാവ് പ്രമോദ് തിവാരിയുടെ നേതൃത്വത്തില്‍ ഒരു സംഘം ഗവര്‍ണ്ണറെ കണ്ട് പ്രിയങ്കയെ സോന്‍ഭദ്ര സന്ദര്‍ശിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഇതിനിടെ സോന്‍ഭദ്ര സന്ദര്‍ശിക്കനെത്തിയ ഡറിക് ഒബ്രോയിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ എംപിമാരെ വാരണാസി വിമാനത്താവളത്തില്‍ പൊലീസ് തടഞ്ഞു. വിമാനത്താവളത്തില്‍ എംപിമാരുടെ പ്രതിഷേധം തുടരുകയാണ്.

സോന്‍ഭദ്ര സംഭവത്തില്‍ യുപി സര്‍ക്കാരിനെതിരെ ബിഎസ്പി അധ്യക്ഷ മായാവതിയും രംഗത്തെത്തി. വെടിവെയ്പിന്‍റെ ഉത്തരവാദി മുഖ്യമന്ത്രി യോഗി ആദിത്യനാഥാണെന്ന് മായാവതി വിമര്‍ശിച്ചു. അതേസമയം തെരഞ്ഞെടുപ്പ് തോല്‍വിയോടെ മൗനത്തിലായ കോണ്‍ഗ്രസ് ക്യാമ്പിന് പ്രിയങ്കയുടെ പ്രതിഷേധം ഊര്‍ജ്ജം നല്‍കുന്നതാണ്. കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് പ്രിയങ്കയെത്തണമെന്ന മുറവിളികള്‍ക്കും സോന്‍ഭദ്ര സംഭവം ശക്തി കൂട്ടിയിരിക്കുകയാണ്.