ശാസ്ത്രി പ്രതിമയില്‍ പ്രിയങ്ക മാലയിടുന്നത് അദ്ദേഹത്തിനെ അപമാനിക്കലാണെന്ന് ആരോപിച്ചാണ് ബിജെപി പ്രവര്‍ത്തകരുടെ നടപടി. 

ലക്നൗ: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി മാലയിട്ടതിന് പിന്നാലെ ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ പ്രതിമയില്‍ ഗംഗാജലം തളിച്ച് ശുദ്ധീകരിച്ച് ബിജെപി. പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയും കോണ്‍ഗ്രസ് പാര്‍ട്ടിയും അഴിമതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ പ്രിയങ്ക, ശാസ്ത്രി പ്രതിമയില്‍ മാലയിടുന്നത് അദ്ദേഹത്തിനെ അപമാനിക്കലാണെന്ന് ആരോപിച്ചാണ് ബിജെപി പ്രവര്‍ത്തകരുടെ നടപടി. 

''ഞങ്ങള്‍ ഗംഗാജലം തളിച്ച് പ്രതിമ ശുദ്ധീകരിച്ചിട്ടുണ്ട്. ഇത് അഴിമതി നിറഞ്ഞ യുപിഎ സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധമാണ്. കഴിഞ്ഞ 70 വര്‍ഷമായി ഇവര്‍ രാജ്യത്തെ കൊള്ളയടിക്കുകയാണ്'' - ബിജെപി പ്രവര്‍ത്തകന്‍ പറഞ്ഞു. 

പ്രയാഗ്‍രാജില്‍നിന്ന് വാരണസിയിലേക്ക് നടത്തുന്ന മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ഗംഗാ യാത്രയ്ക്കിടെയാണ് സംഭവം. രാംനഗറിലെത്തിയ പ്രിയങ്ക ശാസ്ത്രി ചൗകിലെ പ്രതിമയില്‍ മാല ഇടുകയും പുഷ്പാര്‍ച്ചന നടത്തുകയുമായിരുന്നു. ഇതിനെ എതിര്‍ത്ത ബിജെപി പ്രവര്‍ത്തര്‍ മുദ്രാവാക്യം വിളികളുമായെത്തി മാല എടുത്ത് മാറ്റുകയും ഗംഗാ ജലം ഉപയോഗിച്ച് പ്രതിമ കഴുകുകയും ചെയ്തു. 

ബിജെപി പ്രവര്‍ത്തകര്‍ മനപ്പൂര്‍വ്വം സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് സംഭവത്തോട് കോണ്‍ഗ്രസ് പ്രതികരിച്ചു. സാഞ്ചി ബാത്ത് പ്രിയങ്ക കേ സാത്ത് എന്ന പരിപാടിയുമായി പ്രയാഗ്‍രാജിലെ രണ്ട് മണ്ഡലങ്ങളും മോദിയുടെ മണ്ഡലമാ വാരണസിയും മിര്‍സാപൂര്‍, ബദോയുമടക്കം അഞ്ച് മണ്ഡലങ്ങളാണ് പ്രയിങ്ക സന്ദര്‍ശിക്കുന്നത്.