ജര്‍ണയില്‍ സിങ് ഭിന്ദ്രന്‍വാലയുടെ ചിത്രം പതിച്ച ടി ഷര്‍ട്ട് ധരിച്ചാണ് ഒരു കൂട്ടം സിഖ് മതവിശ്വാസികള്‍ 'ഖാലിസ്ഥാന്‍ സിന്ദാബാദ്' എന്ന മുദ്രാവാക്യവുമായി സുവര്‍ണക്ഷേത്രത്തിന്‍റെ പരിസരത്ത് ഒത്തുകൂടിയത്.

അമൃത്‍സര്‍: ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിന്‍റെ 35-ാം വാര്‍ഷികത്തില്‍ ആശങ്ക പടര്‍ത്തി ഖാലിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍. അമൃത്‍സറിലെ സുവര്‍ണക്ഷേത്രത്തിന്‍റെ പരിസരത്താണ് ഖാലിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങളുമായി സിഖ് മതവിശ്വാസികള്‍ എത്തിയത്. സ്വതന്ത്ര പരമാധികാര സിഖ് രാഷ്ട്രം എന്നതാണ് ഖാലിസ്ഥാന്‍ സംഘടനകളുടെ ലക്ഷ്യം.

ശിരോമണി പ്രബന്ധക് കമ്മറ്റി(എസ്ജിപിസി)യുടെ പരിപാടിക്കിടെയാണ് ജര്‍ണയില്‍ സിങ് ഭിന്ദ്രന്‍വാലയുടെ ചിത്രം പതിച്ച ടി ഷര്‍ട്ട് ധരിച്ച് ഒരു കൂട്ടം സിഖ് മതവിശ്വാസികള്‍ 'ഖാലിസ്ഥാന്‍ സിന്ദാബാദ്' എന്ന മുദ്രാവാക്യവുമായി സുവര്‍ണക്ഷേത്രത്തിന്‍റെ പരിസരത്ത് ഒത്തുകൂടിയത്. തുടര്‍ന്ന് അനിഷ്ഠസംഭവങ്ങള്‍ ഉണ്ടാകുന്നത് തടയാനായി എസ്ജിപിസി സുരക്ഷാ ഉദ്യോഗസ്ഥരെ സുവര്‍ണ ക്ഷേത്രത്തിന് പരിസരങ്ങളിലായി വിന്യസിക്കുകയായിരുന്നു. സുരക്ഷ കണക്കിലെടുത്ത് സുവര്‍ണ ക്ഷേത്രത്തിലെത്തുന്ന വിശ്വാസികളെയും ഉദ്യോഗസ്ഥര്‍ കര്‍ശന പരിശോധനകള്‍ക്ക് വിധേയരാക്കി.

അതേസമയം ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിന്‍റെ 35-ാം വാര്‍ഷികമായതിനാല്‍ തന്നെ സുവര്‍ണ ക്ഷേത്രവും പരിസര പ്രദേശങ്ങളും കനത്ത സുരക്ഷാ വലയത്തിലായിരുന്നു. ജര്‍ണയില്‍ സിങ് ഭിന്ദ്രന്‍വാലയുടെ നേതൃത്വത്തിലുള്ള തീവ്രവാദ പ്രസ്ഥാനത്തെ അമര്‍ച്ച ചെയ്യുന്നതിനായി 1984 ജൂണ്‍ 5,6 തീയതികളിലാണ് ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ എന്ന പേരില്‍ സെനിക നടപടകള്‍ നടന്നത്.