Asianet News MalayalamAsianet News Malayalam

മഹാരാഷ്ട്രയിലെ വരൾച്ച മാറാത്തത് ടാങ്കർ മാഫിയയുടെ ഇടപെടൽ കൊണ്ടെന്ന് മാധവ് ഗാഡ്‍ഗിൽ

വരൾച്ച വിറ്റ് കാശാക്കുന്ന രാഷ്ട്രീയ ഉദ്യോഗസ്ഥ ലോബിയുള്ളിടത്തോളം കാലം മഹാരാഷ്ട്ര സമൃദ്ധിയിലേക്ക് മടങ്ങില്ലെന്ന് മാധവ് ഗാഡ്‍ഗിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഭൂഗർഭ ജലം കണക്കില്ലാതെ ഊറ്റുന്ന ,മഴവെള്ളം കടലിലേക്കൊഴുക്കുന്ന കേരളവും വരൾച്ചയെ കരുതിയിരിക്കണമെന്ന് മഹാപ്രളയം പ്രവചിച്ച മാധവ് ഗാഡ്ഗിൽ ചൂണ്ടിക്കാട്ടി.

Prof Madhav Gadgil blames tanker mafia for drought in Maharashtra
Author
Maharashtra, First Published May 20, 2019, 9:15 AM IST

മുംബൈ: മഹാരാഷ്ട്ര ഇപ്പോൾ ദാഹജലത്തിനായി കേഴുകയാണ്. വർഷാവർഷം വരൾച്ചയെത്തിയിട്ടും അതിനെ പ്രതിരോധിക്കാൻ സർക്കാരിന്‍റെ ഭാഗത്തുനിന്നും ആത്മാർത്ഥമായ ശ്രമങ്ങളില്ല. ഇതിന് കാരണം വിശദീകരിക്കുകയാണ് പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ് ഗാഡ്‍ഗിൽ. വരൾച്ച വിറ്റ് കാശാക്കുന്ന രാഷ്ട്രീയ ഉദ്യോഗസ്ഥ ലോബിയുള്ളിടത്തോളം കാലം മഹാരാഷ്ട്ര സമൃദ്ധിയിലേക്ക് മടങ്ങില്ലെന്ന് മാധവ് ഗാഡ്‍ഗിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

വരൾച്ചയുണ്ടാക്കിയതും ഈ സ്ഥിതി നിലനിർത്തുന്നതും പ്രകൃതിയല്ല, മനുഷ്യരാണ്. ടാങ്കർ മാഫിയയും രാഷ്ട്രീയക്കാരും തമ്മിലുള്ള അവിശുദ്ധ ബന്ധം ഒരു ഭാഗത്ത്. കുടിവെള്ളത്തിനായി കാത്തിരുന്ന് ദാഹിച്ചുവലയുന്ന ഗ്രാമങ്ങളും കൃഷി നശിച്ച് ആത്മഹത്യ ചെയ്യുന്ന കർഷകരും മറുവശത്ത്. നാടുണങ്ങുമ്പോൾ പരിഹാരമാർഗ്ഗങ്ങളങ്ങിയ ശാസ്ത്രീയ പഠനങ്ങൾ സർക്കാരിന് ആവശ്യമില്ലെന്നും മാധവ് ഗാഡ്‍ഗിൽ നിരാശയോടെ പറയുന്നു.

വരൾച്ച രൂക്ഷമാകുമ്പോൾ ടാങ്കർ ഉടമകൾക്ക് ഇഷ്ടംപോലെ പണംകിട്ടും. മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രമുഖരാണ് ടാങ്കറുകളുടെ ഉടമകൾ. ടാങ്കർ മാഫിയയാണ് മഹാരാഷ്ട്ര ഭരിക്കുന്നതെന്നും അതുകൊണ്ടുതന്നെ വരൾച്ച മറികടക്കാൻ ആത്മാർത്ഥ ശ്രമങ്ങൾ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. തന്‍റെ കണ്ടെത്തലുകൾ രാഷ്ട്രീയക്കാരുടെ ഉറക്കം കെടുത്തുന്നതിനാൽ ഇപ്പോൾ ആരും തന്നോട് അഭിപ്രായം തേടാറില്ലെന്നും മാധവ് ഗാഡ്‍ഗിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പശ്ചിമഘട്ട വിദഗ്ദ്ധ പഠന റിപ്പോർട്ട് പുറത്തുവന്നതോടെ എല്ലാ സംസ്ഥാന സർക്കാരുകളും കേന്ദ്രവും തന്നെ അപകടകാരിയെന്നാണ് വിലയിരുത്തുന്നതെന്ന് അദ്ദേഹം പറ‌ഞ്ഞു. സത്യസന്ധമായ റിപ്പോർട്ടുകൾ നൽകുന്നതിനാൽ തന്‍റെ പഠനങ്ങൾ വേണ്ട എന്നാണ് ഇവരുടെ തീരുമാനം. പശ്ചിമഘട്ട റിപ്പോർട്ടിൽ പലരുടെയും ഉറക്കം കെടുത്തിയ പ്രൊഫ.മാധവ് ഗാഡ്ഗിൽ ഒന്നുകൂടി പറഞ്ഞു, മഹാരാഷ്ട്രയിലെ വളർച്ച കേരളത്തിന് മുന്നറിയിപ്പാണ്. ഇന്നത്തെ മഹാരാഷ്ട്ര നാളത്തെ കേരളമാകാം. ഭൂഗർഭ ജലം കണക്കില്ലാതെ ഊറ്റുന്ന ,മഴവെള്ളം കടലിലേക്കൊഴുക്കുന്ന കേരളവും വരൾച്ചയെ കരുതിയിരിക്കണമെന്ന് മഹാപ്രളയം പ്രവചിച്ച മാധവ് ഗാഡ്ഗിൽ ചൂണ്ടിക്കാട്ടി.

Follow Us:
Download App:
  • android
  • ios