രാജസ്ഥാനിൽ പരീക്ഷാ ഫീസ് വർദ്ധനവിനെതിരെ വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധത്തിനിടെ രണ്ട് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തു. പിന്നാലെ, കളക്ടർ ടിന ദാബി പ്രശ്നത്തിൽ ഇടപെടാതെ സോഷ്യൽ മീഡിയയിൽ സജീവമാണെന്ന് ആരോപിച്ച് വിദ്യാർത്ഥികൾ അവരെ റീൽ സ്റ്റാർ എന്ന് വിളിച്ചു.
രാജസ്ഥാനിൽ പരീക്ഷാ ഫീസ് വർദ്ധനവിനെതിരെ പ്രതിഷേധത്തിലാണ് വിദ്യാർത്ഥികൾ. ഫീൽ വർദ്ധന എടുത്ത് കളയണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ കോളേജുകളിൽ നിന്നും റോഡിലേക്ക് പ്രതിഷേധം വ്യാപിപ്പിച്ചു. പെതുഗതാഗതം തടഞ്ഞ് കൊണ്ടുള്ള വിദ്യാർത്ഥികളുടെ പ്രതിഷേധത്തെ തുടർന്ന് പോലീസ് രണ്ട് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തു. ഇതിന് പിന്നാലെയാണ് കലക്ടറുടെ ഇന്‍സ്റ്റാഗ്രാം പേജിൽ റീൽ സ്റ്റാർ വിളികൾ നിറഞ്ഞത്.
പ്രതിഷേധിച്ച വിദ്യാർത്ഥികൾ അറസ്റ്റിൽ
രാജസ്ഥാനിലെ ബാർബർ ജില്ലിയിലെ കലക്ടറാണ് ടിന ദാബി. കഴിഞ്ഞ ശനിയാഴ്ച മുൾട്ടാൻമാൽ ഭിഖ്ചന്ദ് ഛാജെദ് വനിതാ കോളേജിലെ വിദ്യാർത്ഥികൾ പരീക്ഷാ ഫീസ് വർദ്ധനവിനെതിരെ പ്രതിഷേധിച്ച് രംഗത്തെത്തി. ഇവർ കേളേജിന് പുറത്ത് റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചതിനെ തുടർന്ന് അതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. വിദ്യാർത്ഥികൾ ജില്ലാ കലക്ടറുമായി ചർച്ച നടത്തണമെന്ന ആവശ്യം ഉന്നയിച്ചതോടെ ജില്ലാ കലക്ടർ ടിന ദാബി വിദ്യാർത്ഥികളുമായി ചർച്ചയ്ക്ക് തയ്യാറായി.
എന്നാൽ ഇതിനിടെ റോഡിലിരുന്ന് പ്രതിഷേധിച്ച രണ്ട് വിദ്യാർത്ഥികളെ പോലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ അങ്ങനെ ഒരു അറസ്റ്റോ കസ്റ്റഡിയില്‍ എടുക്കലോ നടന്നിട്ടില്ലെന്നാണ് കലക്ടർ അവകാശപ്പെട്ടത്. എന്നാൽ, രേഖമൂലമുള്ള പ്രസ്ഥാവനയിൽ ചില വിദ്യാർത്ഥികൾ റോഡ് ഉപരോധിച്ച് പ്രശ്നമുണ്ടാക്കിയപ്പോൾ വിദ്യാർത്ഥികളെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയെന്നും രണ്ട് മണിക്കൂറുകൾക്ക് ശേഷം അവരെ പോകാൻ അനുവദിച്ചുവെന്നും കലക്ടർ അറിയിച്ചു.
'റീൽ സ്റ്റാർ'
വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്യുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥർ കലക്ടർ ഒരു റോൾ മോഡലാണെന്ന് ആക്രോശിച്ചിരുന്നു. ഇത് സ്ഥിതി ഗതികൾ വഷളാക്കി. വിദ്യാർത്ഥികൾ കലക്ടർ റോൾ മോഡലല്ലെന്നും റീൽ സ്റ്റാറാണെന്നും തിരിച്ചിച്ചു. കളക്ടർ ഒരു റോൾ മോഡലല്ലെന്നും അങ്ങനെയായിരുന്നെങ്കിൽ, അവർ വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ കേൾക്കാൻ വരുമായിരുന്നെന്നും വിദ്യാർത്ഥികൾ പറഞ്ഞു. 'അവർ ഒരു റീൽ താരമാണ്, റീലുകൾ നിർമ്മിക്കാൻ എല്ലായിടത്തും പോകുന്നു, പക്ഷേ, ഞങ്ങളുടെ പ്രശ്നങ്ങൾ ശ്രദ്ധിക്കുന്നില്ല,' വിദ്യാർത്ഥികൾ എൻഡിടിവിയോട് പറഞ്ഞു.
അതേസമയം സമൂഹ മാധ്യമങ്ങളിൽ മാത്രമാണ് ഇതൊരു പ്രശ്നമായതെന്നും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് അപകീർത്തിപ്പെടുത്താനാണെന്നും അവർ ആരോപിച്ചു. ഇതിന് പിന്നാലെ ടീന ദാബിയുടെ ഇന്‍സ്റ്റാഗ്രാം പേജുകളിൽ റീൽ സ്റ്റാർ വിളികളാൽ നിറയുകയായിരുന്നു. ഇൻസ്റ്റാഗ്രാമിൽ സജീവ സാന്നിധ്യമായ ടീന ദാബി ഐഎഎസിന് 1.5 ദശലക്ഷം ഫോളോവേഴ്‌സുണ്ട്. എന്നാൽ അവരുടെ ഏറ്റവും അവസാനത്തെ പോസ്റ്റ് 2023 -ലാണ് പങ്കുവച്ചത്. ജെയ്‍സാൽമീറിൽ നിന്നും സ്ഥലം മാറി പോകുന്ന ഈ പോസ്റ്റിന് കീഴിലെ നൂറുകണക്കിന് കമന്റുകൾ "റീൽ സ്റ്റാർ" എന്ന് എഴുതിയിരിക്കുന്നത് കാണാം.


