ഉപയോ​ഗിച്ച് വലിച്ചെറിയുന്ന ജീൻസ്, തെരുവിലുള്ളവർക്ക് ഉപയോ​ഗിക്കാവുന്ന തരത്തിലേക്ക് മാറ്റണമെന്ന ചിന്തയാണ് തുടക്കം.

ദില്ലി: കുറച്ചു വർഷങ്ങൾ ഉപയോ​ഗിച്ച ശേഷം നമ്മൾ വലിച്ചെറിയുന്ന പല വസ്തുക്കളും പല രീതിയിൽ ഉപയോ​ഗിക്കാൻ കഴിയും. ഇതിന് ഒരു ഉദാഹരണമാണ് 16 വയസ്സുകാരനായ നിർവാൺ ആരംഭിച്ച പ്രൊജക്റ്റ് ജീൻസ് എന്ന സംരംഭം. ദില്ലിയിലെ മഞ്ഞുകാലത്തെ ഏറ്റവും വേദനിപ്പിക്കുന്ന കാഴ്ചയാണ്, കുത്തുന്ന തണുപ്പിൽ വെറും നിലത്ത് ഒരു കമ്പിളിക്കുള്ളിൽ ചുരുളേണ്ടി വരുന്നവരുടെ. പതിനാറുവയസ്സുകാരൻ നിർവ്വാണിനെയും ഈ കാഴ്ച അസ്വസ്ഥനാക്കിയിരുന്നു. 

ഉപയോ​ഗിച്ച് വലിച്ചെറിയുന്ന ജീൻസ്, തെരുവിലുള്ളവർക്ക് ഉപയോ​ഗിക്കാവുന്ന തരത്തിലേക്ക് മാറ്റണമെന്ന ചിന്തയാണ് തുടക്കം. ഫാഷൻ ഡിസൈനറായ അമ്മയുടെ വർക്ക്ഷോപ്പ് വീടിന് തൊട്ടടുത്തുണ്ടായിരുന്നത് കാര്യങ്ങൾ എളുപ്പമാക്കി. പഴകിയ ജീൻസ് വലിച്ചെറിയാതെ തനിക്ക് തരണമെന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ ഒരു അഭ്യർത്ഥനയും നടത്തി. അങ്ങനെ നിർവാൺ ഡിസൈൻ ചെയ്ത ജീൻസ് സ്ലീപിം​ഗ് ബാ​ഗുകൾ ഉണ്ടായി. 

രണ്ടരക്കിലോ ഭാരമുള്ള ഒരു ബാ​ഗുണ്ടാക്കാൻ 800 രൂപ ചിലവ് വരും ജീൻസ് കഴുകി ഉണക്കി വെട്ടിയെടുത്ത് തുന്നിച്ചേർക്കുകയാണ് ചെയ്യുന്നത്. തെരുവിലുറങ്ങുന്നവരെ സഹായിക്കാൻ ആ​ഗ്രഹിക്കുന്നവർ നിർവാണിന് ഓർഡർ നൽകും. ആവശ്യമെങ്കിൽ ബാ​ഗുകൾ തെരുവിൽ വിതരണം ചെയ്യാനും തയ്യാറാണ്. തന്റെ ആശയത്തിനൊപ്പം നിൽക്കാൻ ആളും സഹായവുമുണ്ട് എന്നതിന്റെ ആശ്വാസത്തിലാണ് ഈ പതിനൊന്നാം ക്ലാസുകാരൻ. 

'പ്രൊജക്റ്റ് ജീന്‍സ്' തെരുവില്‍ ഉറങ്ങുന്നവര്‍ക്ക് സ്ലീപിംഗ് ബാഗ് നിര്‍മ്മിച്ച് നിര്‍വാണ്‍ | Nirvaan