Asianet News MalayalamAsianet News Malayalam

അയോധ്യയിലെ പള്ളിക്ക് ബാബറിന്‍റെ പേരിടരുത്; പകരം പേര് നിര്‍ദേശിച്ച് വിഎച്ച്പി

ശനിയാഴ്ചയാണ് അയോധ്യ-ബാബ‍്‍രി മസ്ജിദ് തര്‍ക്ക ഭൂമിയില്‍ സുപ്രീം കോടതി അന്തിമ വിധി പുറപ്പെടുവിച്ചത്. തര്‍ക്കഭൂമിയില്‍ ക്ഷേത്രം നിര്‍മിക്കാമെന്നും പകരം സുന്നി വഖഫ് ബോര്‍ഡിന് പള്ളി നിര്‍മാണത്തിനായി അഞ്ച് ഏക്കര്‍ ഭൂമി അയോധ്യയില്‍ തന്നെ നല്‍കണമെന്നുമായിരുന്നു സൂപ്രീം കോടതി വിധി. 

Proposed Mosque in Ayodhya not named Babur, says VHP
Author
New Delhi, First Published Nov 12, 2019, 3:13 PM IST

ദില്ലി: അയോധ്യയില്‍ സര്‍ക്കാര്‍  നല്‍കുന്ന അഞ്ച് ഏക്കര്‍ ഭൂമിയില്‍ നിര്‍മിക്കുന്ന പള്ളിക്ക് ബാബറിന്‍റെ പേര് നല്‍കാന്‍ അനുവദിക്കരുതെന്ന് വിശ്വ ഹിന്ദു പരിഷത് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.  മുന്‍ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായ എപിജെ അബ്ദുല്‍ കലാം, അഷ്ഫാഖുല്ല ഖാന്‍ തുടങ്ങിയ രാജ്യ സ്നേഹികളുടെ പേര് പള്ളിക്ക് നല്‍കണമെന്നും ആക്രമണകാരികളുടെയും വിദേശികളുടെയും പേര് നല്‍കരുതെന്നുമാണ് വിഎച്ച്പി ആവശ്യപ്പെട്ടത്.  

വിദേശത്തുനിന്ന് എത്തിയ ആക്രമണകാരിയാണ് ബാബര്‍. ഇന്ത്യയില്‍ നിരവധി നല്ല മുസ്ലിങ്ങളുണ്ട്. വിര്‍ അബ്ദുള്‍ ഹമീദ്, അഷ്ഫാഖുള്ള ഖാന്‍, മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാം തുടങ്ങിയവര്‍ രാജ്യ പുരോഗതിക്ക് ഏറെ സംഭാവന നല്‍കിയവരാണ്. പുതിയ പള്ളി ഇവരിലാരുടെയെങ്കിലും പേരിലായിരിക്കണമെന്ന് വിഎച്ച്പി നേതാവ് ശരദ് ശര്‍മ പറഞ്ഞു. രാമക്ഷേത്രനിര്‍മ്മാണത്തിനായുള്ള ശിലകള്‍ സൂക്ഷിച്ചിരിക്കുന്ന രാമജന്മഭൂമി ന്യാസ് കാര്യശാലയുടെ ചുമതലയുള്ള നേതാവാണ് ശരദ് ശര്‍മ. സുപ്രീം കോടതി വിധിയനുസരിച്ച് ക്ഷേത്ര നിര്‍മാണത്തിനായി രൂപീകരിക്കുന്ന ട്രസ്റ്റില്‍ അമിത് ഷായെ ഉള്‍പ്പെടുത്തണമെന്നും വിഎച്ച്പി നേതാവ് ആവശ്യപ്പെട്ടു.  

ശനിയാഴ്ചയാണ് അയോധ്യ-ബാബ‍്‍രി മസ്ജിദ് തര്‍ക്ക ഭൂമിയില്‍ സുപ്രീം കോടതി അന്തിമ വിധി പുറപ്പെടുവിച്ചത്. തര്‍ക്കഭൂമിയില്‍ ക്ഷേത്രം നിര്‍മിക്കാമെന്നും പകരം സുന്നി വഖഫ് ബോര്‍ഡിന് പള്ളി നിര്‍മാണത്തിനായി അഞ്ച് ഏക്കര്‍ ഭൂമി അയോധ്യയില്‍ തന്നെ നല്‍കണമെന്നുമായിരുന്നു സൂപ്രീം കോടതി വിധി. എന്നാല്‍, പള്ളിക്ക് എന്ത് പേരിടണമെന്നതിലല്ല, അഞ്ച് ഏക്കര്‍ ഭൂമി ഏറ്റെടുക്കണോ വേണ്ടയോ എന്ന കാര്യത്തിലാണ് തീരുമാനം ഉണ്ടാകേണ്ടതെന്ന് ഹര്‍ജിക്കാരിലൊരാളായ ഇഖ്ബാല്‍ അന്‍സാരി പ്രതികരിച്ചു.

ഭൂമി ഏറ്റെടുക്കണോ എന്നത് സംബന്ധിച്ച് നവംബര്‍ 26ന് സുന്നി വഖഫ് ബോര്‍ഡ് യോഗം ചേരുന്നുണ്ട്. സമാധാനം തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios