Asianet News MalayalamAsianet News Malayalam

വാക്സീൻ ഉത്പാദനം വർധിപ്പിക്കാൻ നിർദ്ദേശിച്ചത് കാര്യമറിയാതെ; ഖേദം പ്രകടിപ്പിച്ച് നിധിൻ ​ഗഡ്കരി

ഉത്പാദനം കൂട്ടാൻ കേന്ദ്രം ഇതിനോടകം തീരുമാനിച്ചിരുന്നു. താൻ  പ്രസ്താവന നടത്തിയത് ഇതേ കുറിച്ച് അറിവില്ലാതെയാണ്. സർക്കാർ തീരുമാനം രാസവള മന്ത്രി തന്നോട് വിശദീകരിച്ചെന്നും ഗഡ്കരി വ്യക്തമാക്കി

proposed to increase vaccine production unknowingly ntin gadkari expresses regret
Author
Delhi, First Published May 19, 2021, 2:15 PM IST

ദില്ലി: കൊവിഡ് വാക്സീൻ ഉത്പാദനം വർധിപ്പിക്കാനുള്ള തൻ്റെ നിർദ്ദേശത്തിൽ ഖേദം പ്രകടിപ്പിച്ച് കേന്ദ്ര മന്ത്രി നിധിൻ ഗഡ്കരി. ഉത്പാദനം കൂട്ടാൻ കേന്ദ്രം ഇതിനോടകം തീരുമാനിച്ചിരുന്നു. താൻ  പ്രസ്താവന നടത്തിയത് ഇതേ കുറിച്ച് അറിവില്ലാതെയാണ്. സർക്കാർ തീരുമാനം രാസവള മന്ത്രി തന്നോട് വിശദീകരിച്ചെന്നും ഗഡ്കരി വ്യക്തമാക്കി. ഉത്പാദനം കൂട്ടിയാൽ വാക്സീൻ കയറ്റുമതി ചെയ്യാമെന്നും, പത്തിലധികം കമ്പനികൾ പരിഗണനയിലുണ്ടെന്നുമായിരുന്നു ഗഡ്കരി നേരത്തെ പറഞ്ഞത്.

രാജ്യത്തെ അനുയോജ്യരായ മരുന്ന് കമ്പനികള്‍ക്ക് നിര്‍മ്മാണ അനുമതി നല്‍കി നയം കൂടുതല്‍ ഉദാരമാക്കാനാണ് കേന്ദ്ര തീരുമാനം. തദ്ദേശീയമായി വികസിപ്പിക്കുന്ന കൊവാക്സിന്‍ നിര്‍മ്മാണ ഫോര്‍മുല കൈമാറാന്‍ സന്നദ്ധമാണെന്ന് നിര്‍മ്മാതാക്കളായ ഭാരത് ബയോടെക്ക് അറിയിച്ചിരുന്നു. ബയോസെഫ്ടി ലെവല്‍ മൂന്ന് ലാബ് സൗകര്യമുള്ള കമ്പനികള്‍ക്ക് നിര്‍മ്മാണത്തിനായി സമീപിക്കാമെന്ന് കേന്ദ്രവും വ്യക്തമാക്കിയിരുന്നു. പത്തിലധികം കമ്പനികള്‍ താല്‍പര്യം പ്രകടിപ്പിച്ച പശ്ചാത്തലത്തിലാണ് കേന്ദ്ര നീക്കം. 

ഓഗസ്റ്റ് മുതല്‍ കൂടുതല്‍ വിദേശ വാക്സീന്‍ എത്തി തുടങ്ങുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് വാക്സീന്‍ ഉത്പാദനവും സംഭരണവും കൂട്ടാനുള്ള സര്‍ക്കാര്‍ തീരുമാനം. അതേസമയം, രണ്ട് വയസ് മുതല്‍ 18 വയസ് വരെ പ്രായമുള്ളവരിലെ രണ്ട് മൂന്ന് ഘട്ട വാക്സീന്‍ പരീക്ഷണം രണ്ടാഴ്ച്ചക്കുള്ളില്‍ തുടങ്ങാന്‍ അനുമതി നല്‍കിയ  കേന്ദ്ര തീരുമാനത്തിനെതിരെ ദില്ലി ഹൈക്കോടതിയില്‍ പൊതു തല്‍പര്യ ഹര്‍ജിയെത്തി. പരീക്ഷണം നിര്‍ത്തി വയ്ക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. പരീക്ഷണത്തിന് സ്റ്റേ ഏര്‍പ്പെടുത്താന്‍ വിസമ്മതിച്ച കോടതി കേന്ദ്രത്തിനും ഡ്രഗ്സ്സ് കണ്‍ട്രോളര്‍ ജനറല്‍ക്കും നോട്ടീസയച്ചു. കൊവാക്സീന്‍റെ ആദ്യ ഘട്ട പരീക്ഷണം വിജയകരമായ പശ്ചാത്തലത്തിലാണ് തുടര്‍ഘട്ടങ്ങള്‍ക്ക് കേന്ദ്രം അനുമതി നല്‍കിയത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios