ദില്ലി: ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിനെതിരെ പ്രതിഷേധം നടത്താനൊരുങ്ങി പൗരാവകാശ സംഘടനകള്‍. ഇവിഎം വിരോധി രാഷ്ട്രീയ ആന്ദോളന്‍, നാഷണല്‍ അലയന്‍സ് ഫോര്‍ പീപ്പിള്‍സ്  മൂവ്മെന്‍റ്, നേഷന്‍ ഫോര്‍ ഫാര്‍മേഴ്സ് തുടങ്ങിയ സംഘടനകളാണ് വലിയ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്.

രാജ്യവ്യാപകമായി ഓഗസ്റ്റ് ഒമ്പതിന് പ്രതിഷേധം നടത്താനാണ് തീരുമാനം. ക്വിറ്റ് ഇന്ത്യ ദിനത്തോട് അനുബന്ധിച്ചാണ് ഇവിഎം രാജ്യം വിടൂ, ബാലറ്റ് പേപ്പര്‍ തിരിച്ച് കൊണ്ടു വരൂ എന്ന മുദ്രാവാക്യം ഉയര്‍ത്തി പ്രതിഷേധം നടത്തുകയെന്ന് നാഷണല്‍ അലയന്‍സ് ഫോര്‍ പീപ്പിള്‍സ്  മൂവ്മെന്‍റ് കണ്‍വീനര്‍ ഡോ. സുനിലം പറഞ്ഞു.

ആം ആദ്മി പാര്‍ട്ടി, സിപിഎം, എസ്പി, ബിഎസ്പി തുടങ്ങി വിവിധ പാര്‍ട്ടികള്‍ പ്രതിഷേധത്തിന് പിന്തുണ നല്‍കുന്നുമുണ്ട്. പ്രതിഷേധത്തിന്‍റെ ഭാഗമായി ദില്ലിയില്‍ ശില്‍പ്പശാലയുടെ സംഘടിപ്പിച്ചിരുന്നു. ഇവിഎമ്മിന്‍റെ വിശ്വാസീയത സംബന്ധിച്ച് അനവധി പരാതികളാണ് ഉയര്‍ന്നിരിക്കുന്നതെന്ന് പ്രതിഷേധം ഉയര്‍ത്തുന്നവര്‍ പറയുന്നു.

2019 തെരഞ്ഞെടുപ്പില്‍ പ്രബലര്‍ അല്ലാത്ത സ്ഥാനാര്‍ത്ഥികള്‍ പോലും ലക്ഷങ്ങളുടെ ഭൂരിപക്ഷത്തില്‍ വിജയിക്കുന്നു. ഇവിഎം തിരിമറി നടത്താതെ ഇത് സാധ്യമല്ലെന്ന് ബീഹാര്‍ നിയമസഭയിലെ മുന്‍ സ്പീക്കറായ ഉദയ് നാരായണര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജെഡിയു വിട്ട നേതാവാണ് ഉദയ്.