ദില്ലി: കർണാടകത്തിലെ കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെ അറസ്റ്റ് ചെയ്ത് പുറത്തിറക്കിയപ്പോൾ അരങ്ങേറിയത് വലിയ പ്രതിഷേധം. ശിവകുമാറിനെ മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ടുപോകവെ എൻഫോഴ്‍സ്മെന്‍റ് വാഹനത്തിന് ചുറ്റും വളഞ്ഞ കോൺഗ്രസ് പ്രവർത്തകർ കാർ തടഞ്ഞു. വലിയ രീതിയിൽ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. 

രാത്രി ഒമ്പത് മണിയോടെ പുറത്തിറക്കിയ ശിവകുമാറിനെ കോൺഗ്രസ് പ്രവർത്തകർ വളയുകയായിരുന്നു. തുടർന്ന് തിരക്കിനിടയിലൂടെ ഏറെ ബുദ്ധിമുട്ടിയാണ് എൻഫോഴ്‍സ്മെന്‍റ് ഉദ്യോഗസ്ഥർ അദ്ദേഹത്തെ വാഹനത്തിന് അടുത്തെത്തിച്ചത്. പ്രവർത്തകരോട് ശാന്തരാകാൻ ആവശ്യപ്പെട്ട ശിവകുമാർ കാറിന് മുകളിൽ കയറി പ്രവർത്തകരെ അഭിവാദ്യം ചെയ്തു. 'തംബ്‍സ് അപ്പ്' കാണിക്കുകയും ചെയ്തു. 

''ജുഡീഷ്യറിയിൽ വിശ്വാസമുണ്ട്. നിയമപോരാട്ടം വിജയിക്കും. തന്നെ അറസ്റ്റ് ചെയ്യിപ്പിക്കാനുള്ള ഉദ്യമത്തിൽ വിജയിച്ച ബിജെപി സുഹൃത്തുക്കൾക്ക് അഭിനന്ദനം'', എന്നായിരുന്നു അറസ്റ്റിന് ശേഷം ശിവകുമാറിന്‍റെ പ്രതികരണം.

കൂടുതൽ വായിക്കാം: കള്ളപ്പണക്കേസിൽ കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാർ അറസ്റ്റിൽ

അപ്പോഴേക്ക് ഇഡി ഉദ്യോഗസ്ഥർ ശിവകുമാറിനെ ഇടപെട്ട് കാറിൽ കയറ്റുകയായിരുന്നു. ആഗസ്റ്റ് 21-ന് രാത്രി മുൻധനമന്ത്രി പി ചിദംബരത്തിന്‍റെ വസതിയിലുണ്ടായ നാടകീയ സംഭവങ്ങൾക്ക് സമാനമായ തരത്തിലുള്ള സംഭവങ്ങളാണ് ഇവിടെയും നടന്നത്.