ലഖ്‍നൗ: ഉത്തർപ്രദേശിലെ ഹത്രാസില്‍ കൂട്ടബലാത്സംഗത്തനിരയായ ദളിത് പെൺകുട്ടി മരിച്ച സംഭവത്തിൽ ദില്ലിയിലടക്കം വ്യാപക പ്രതിഷേധം. രാഷ്ട്രപതിഭവനിലേക്ക് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു. പെൺകുട്ടിയുടെ മൃതദേഹം സൂക്ഷിച്ച ആശുപത്രിക്ക് മുന്നിൽ ഭീം ആ‍ർമി പ്രവ‍ർത്തകർ പ്രതിഷേധം നടത്തി. സംഭവം യോഗിസർക്കാരിനെതിരെ രാഷ്ട്രീയ ആയുധമാക്കുകയാണ് പ്രതിപക്ഷം. 

കഴിഞ്ഞ മാസം പതിനാലിനാണ് അമ്മയ്ക്കൊപ്പം പുല്ല് വെട്ടാൻ പാടത്ത് പോയ പെൺകുട്ടിയെ നാല് പേർ ചേർന്ന് ബലാത്സംഗത്തിനിരയാക്കിയത്. അമ്മയുടെ കണ്ണ് വെട്ടിച്ച് കഴുത്തിൽ ഷാളിട്ട് മുറിക്കി ഒഴിഞ്ഞ പ്രദേശത്തേക്ക് നിലത്തൂടെ വലിച്ചുകൊണ്ടുപോയാണ് പീഡനത്തിനിരയാക്കിയത്. നട്ടെല്ല് തകർന്ന പെൺകുട്ടിയുടെ നാവും ആക്രമികൾ മുറിച്ചു കളഞ്ഞു. തെരച്ചിലിനിടെ പെൺകുട്ടിയെ ഗുരുതരപരിക്കുകളോടെ ഗ്രാമത്തിലെ ഒഴിഞ്ഞ പ്രദേശത്ത് നിന്ന് കണ്ടെത്തി. പരാതിയുമായി പൊലീസിന് മുന്നിലെത്തിട്ടും നടപടി സ്വീകരിക്കാൻ വൈകിയെന്ന് കുടുംബം ആരോപിച്ചിരുന്നു.