ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ പോലീസ് നടപടിക്കിടെ ആരിഫ് ഹുസൈൻ എന്ന യുവാവ് മരിച്ചതിനെ തുടർന്ന് സംഘർഷം. പോലീസ് വെടിവെച്ചുകൊന്നതാണെന്ന് നാട്ടുകാരും, തോക്ക് തട്ടിയെടുക്കാൻ ശ്രമിച്ചപ്പോൾ അബദ്ധത്തിൽ വെടിപൊട്ടിയതാണെന്ന് പോലീസും പറയുന്നു. സംഭവത്തെ തുടർന്ന് ഭദേർവയിൽ വൻ പ്രതിഷേധം നടക്കുകയും ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കുകയും ചെയ്തു.

ദോഡ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ പോലീസ് നടപടിക്കിടെ നാട്ടുകാരനായ യുവാവ് മരിച്ചതിനെത്തുടർന്ന് വൻ പ്രതിഷേധം. സംഘർഷാവസ്ഥ കണക്കിലെടുത്ത് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ജില്ലയിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി. ഭദേർവ സ്വദേശി ആരിഫ് ഹുസൈൻ (30) ആണ് മരിച്ചത്. സംഭവത്തെക്കുറിച്ച് പോലീസും നാട്ടുകാരും പരസ്പരവിരുദ്ധമായ വാദങ്ങളാണ് ഉന്നയിക്കുന്നത്.

വിനോദസഞ്ചാര കേന്ദ്രമായ ഝായിൽ വെച്ച് ജമ്മു കശ്മീർ പോലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പുമായുണ്ടായ തർക്കത്തിനൊടുവിൽ ആരിഫിനെ പോലീസ് വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് നാട്ടുകാരുടെ ആരോപണം. മരിച്ച ആരിഫ് ഹുസൈൻ നിരപരാധിയാണെന്നും സ്ഥലത്തെ ഓട്ടോ ഡ്രൈവർ ആയിരുന്നുവെന്നും നാട്ടുകാർ പറയുന്നു. സുരക്ഷാ ജീവനക്കാരും ആരിഫുമായുണ്ടായ തർക്കത്തിൽ ഇടപെട്ട മറ്റൊരു നാട്ടുകാരനെ പോലീസ് ക്രൂരമായി മർദ്ദിച്ചതായും പ്രതിഷേധക്കാർ ആരോപിക്കുന്നു. സംഭവത്തിൽ നിഷ്‌പക്ഷമായ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

എന്നാൽ പ്രദേശത്ത് കാലിക്കടത്ത് നടക്കുന്നുണ്ടെന്ന വിവരത്തെത്തുടർന്ന് ഏർപ്പെടുത്തിയ പരിശോധനയ്ക്കിടെയാണ് സംഭവമുണ്ടായതെന്നാണ് പോലീസ് വിശദീകരണം. പരിശോധനയ്ക്കിടെ സ്ഥലത്തെത്തിയ രണ്ടുപേരെ തടഞ്ഞപ്പോൾ അവർ പോലീസിനെ ആക്രമിച്ച് തോക്ക് തട്ടിയെടുക്കാൻ ശ്രമിച്ചെന്നും പിടിവലിക്കിടെ അബദ്ധത്തിൽ വെടിപൊട്ടിയാണ് ആരിഫ് മരിച്ചതെന്നുമാണ് പോലീസ് പറയുന്നത്. സംഭവത്തിൽ മൂന്ന് പോലീസുകാർക്ക് പരിക്കേറ്റിട്ടുണ്ടെന്നും കൂടെയുണ്ടായിരുന്ന രണ്ടാമൻ ഓടി രക്ഷപ്പെട്ടതായും പോലീസ് അറിയിച്ചു.

യുവാവിന്റെ മരണവാർത്ത പുറത്തുവന്നതോടെ ഭദേർവയിലും പരിസര പ്രദേശങ്ങളിലും ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു. പ്രദേശത്തെ പ്രമുഖ സംഘടനയായ അൻജുമൻ-ഇ-ഇസ്ലാമിയ ഭദേർവയിൽ ഹർത്താലിന് ആഹ്വാനം ചെയ്തു. ക്രമസമാധാന നില ഉറപ്പാക്കുന്നതിനായി വൻ പോലീസ് സന്നാഹത്തെയും സി.ആർ.പി.എഫിനെയും പ്രദേശത്ത് വിന്യസിച്ചിരിക്കുകയാണ്. ഉന്നത ഉദ്യോഗസ്ഥർ ഭദേർവയിൽ ക്യാമ്പ് ചെയ്ത് സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്.