മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി വൈകാൻ കാരണം ഇന്ത്യയുടെ ഗുരുതര വീഴ്ചകളാണെന്ന് മുൻ ജപ്പാൻ മന്ത്രി ഹിഡെകി മകിഹാര ആരോപിച്ചു. ഇന്ത്യൻ ഉദ്യോഗസ്ഥർ ഉത്തരവാദിത്തമില്ലാതെ പെരുമാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ, ആരോപണങ്ങൾ നിഷേധിച്ച കേന്ദ്ര സർക്കാർ, പദ്ധതി അതിവേഗം പുരോഗമിക്കുകയാണെന്നും 2027-ൽ ആദ്യഘട്ടം ആരംഭിക്കുമെന്നും വ്യക്തമാക്കി.

ദില്ലി: മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി വൈകാൻ കാരണം ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചകളാണെന്ന് മുൻ ജപ്പാൻ നീതിന്യായ മന്ത്രി ഹിഡെകി മകിഹാര. ചർച്ചകളിൽ പങ്കെടുത്ത ഇന്ത്യൻ ഉദ്യോഗസ്ഥരുംമന്ത്രിയും തികച്ചും ഉത്തരവാദിത്തമില്ലാത്ത രീതിയിലാണ് പെരുമാറിയതെന്നും ജാപ്പനീസ് റെയിൽവേ സാങ്കേതികവിദ്യയായ ഷിൻകാൻസൻ പദ്ധതിയുടെ ചർച്ചകൾക്കിടയിൽ ഇവർ നിരന്തരം വാഗ്ദാനങ്ങൾ ലംഘിച്ചതായും അദ്ദേഹം ആരോപിച്ചു. എന്നാൽ മുൻ ജാപ്പനീസ് മന്ത്രിയുടെ ആരോപണങ്ങളെ ഇന്ത്യൻ ഉദ്യോഗസ്ഥർ പൂർണ്ണമായും തള്ളി.

ടോക്കിയോ ആസ്ഥാനമായ ബിസിനസ്സ് മാധ്യമത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തോട് പ്രതികരിച്ചുകൊണ്ട് തന്റെ ഔദ്യോഗിക എക്‌സ് ഹാൻഡിലിലൂടെയാണ് ഹിഡെകി മകിഹാര ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. ഇന്ത്യയിലെ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ പ്രവർത്തനങ്ങളുമായി തനിക്കും ബന്ധമുണ്ടായിരുന്നെന്നും ചർച്ചകളിലെല്ലാം സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കാൻ മാത്രമാണ് ഇന്ത്യൻ ഉദ്യോഗസ്ഥർ ശ്രമിച്ചതെന്നും അദ്ദേഹം കുറിച്ചു. ഒരു വാഗ്ദാനം നൽകിയാൽ അത് അടുത്ത നിമിഷം തന്നെ മാറ്റുന്നതായിരുന്നു ഇന്ത്യൻ രീതി. അന്നത്തെ ചർച്ചകൾക്ക് നേതൃത്വം നൽകിയ ഇന്ത്യൻ മന്ത്രിയുടെ പെരുമാറ്റം വളരെ മോശമായിരുന്നു. ഏറ്റവും മുകളിലിരിക്കുന്നയാൾ അങ്ങനെയാകുമ്പോൾ എങ്ങനെയാണ് മാന്യമായ ഇടപാടുകൾ സാധ്യമാവുകയെന്നും മകിഹാര ചോദിക്കുന്നു. പദ്ധതിക്ക് വേണ്ടി ആത്മാർത്ഥമായി അധ്വാനിച്ച എല്ലാ ജാപ്പനീസ് ഉദ്യോഗസ്ഥരുടെയും അഭിമാനത്തിന് വേണ്ടി താൻ ഇത് തുറന്നുപറയുകയാണെന്നും പദ്ധതി വൈകിയതിന് നൂറു ശതമാനവും ഉത്തരവാദികൾ ഇന്ത്യക്കാരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇന്ത്യയുടെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ പദ്ധതി ജപ്പാന്റെ ഷിൻകാൻസൻ മാതൃകയിൽ നിന്നും ഏറെ വ്യതിചലിച്ചാണ് ഇപ്പോൾ മുന്നോട്ടുപോകുന്നതെന്ന ജാപ്പനീസ് റെയിൽവേ എൻജിനീയറായ ഇസാവോ സുജിമുറയുടെ ലേഖനമാണ് ഈ പുതിയ വിവാദങ്ങൾക്ക് വഴിവെച്ചത്. 2023-ൽ പണി പൂർത്തിയാക്കി സർവീസ് ആരംഭിക്കുമെന്ന വാഗ്ദാനം യാഥാർത്ഥ്യബോധമില്ലാത്തതാണെന്ന് ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് നേരത്തെ തന്നെ അറിയാമായിരുന്നുവെന്നും സുജിമുറ തന്റെ ലേഖനത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു. 2026 ജൂലൈയിൽ ജപ്പാൻ പ്രധാനമന്ത്രി സനായ് താകൈച്ചി ഇന്ത്യ സന്ദർശിച്ചിട്ടും ഈ വിഷയത്തിൽ കാര്യമായ പുരോഗതിയൊന്നും ഉണ്ടായില്ലെന്ന് മകിഹാരയും കുറ്റപ്പെടുത്തി.

അതേസമയം, ആരോപണങ്ങൾ നിഷേധിച്ച് കേന്ദ്ര സർക്കാർ രംഗത്തെത്തി. ഇന്ത്യയും ജപ്പാനും തമ്മിലുള്ള ചർച്ചകൾ മികച്ച രീതിയിലാണ് മുന്നോട്ടുപോകുന്നതെന്നും ഇരുരാജ്യങ്ങളും തമ്മിൽ യാതൊരുവിധ അസ്വാരസ്യങ്ങളും നിലവിലില്ലെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. പുതിയ മാറ്റങ്ങൾക്കനുസരിച്ച് ഇന്ത്യയിലെ സാഹചര്യങ്ങൾക്ക് അനുയോജ്യമായ ട്രെയിനുകൾ വികസിപ്പിക്കാനാണ് നിലവിൽ ഇരുരാജ്യങ്ങളും സംയുക്തമായി തീരുമാനിച്ചിരിക്കുന്നത്. 508 കിലോമീറ്റർ ദൈർഘ്യമുള്ള മുംബൈ-അഹമ്മദാബാദ് ഹൈസ്പീഡ് റെയിൽവേ ഇടനാഴിയുടെ പണി ഇപ്പോൾ അതിവേഗത്തിലാണ് പുരോഗമിക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ട സർവീസ് 2027 ഓഗസ്റ്റ് 15-ഓടെ ആരംഭിക്കാനാണ് റെയിൽവേ ലക്ഷ്യമിടുന്നതെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.