ചെന്നൈ: തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ പൊലീസ് കസ്റ്റഡിയില്‍ വ്യാപാരികളായ അച്ഛനും മകനും ക്രൂരമര്‍ദനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. സ്വകാര്യഭാഗങ്ങളില്‍ ഉള്‍പ്പടെ പൊലീസ് അതിദാരുണമായി മര്‍ദിച്ചെന്നാണ് പ്രത്യേക അന്വേഷണ സമിതി റിപ്പോര്‍ട്ട്. സംഭവത്തില്‍ തമിഴ്നാട് ഡിജിപിയോട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ഡിഎംകെ ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു.

ലോക്ഡൗണ്‍ ലംഘിച്ചു കട തുറന്നതിന് മൊബൈല്‍ കട ജീവനക്കാരനായ ബനിക്സിനെയും അന്വേഷിച്ച് എത്തിയ പിതാവ് ജയരാജനെയും രണ്ട് രാത്രി മുഴുവന്‍ പൊലീസ് മര്‍ദിച്ചെന്നാണ് അന്വേഷണ സമിതി റിപ്പോര്‍ട്ട്. ഇരുവരുടെയും സ്വകാര്യഭാഗത്ത് കമ്പി കയറ്റി ഉപദ്രിവച്ചു. ബെനിക്സിന്‍റെ ലുങ്കി ചോരയില്‍ മുങ്ങിയിരുന്നു. രക്തസ്രാവം നിയന്ത്രിക്കാനാകാതെ നിരവധി തവണ ആശുപത്രിയിലേക്ക് പോകും വഴി വസ്ത്രം മാറേണ്ടി വന്നു. 

കാലിലും നെഞ്ചിലും ചതവ് ഉണ്ടായിരുന്നു. ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതം ഏറ്റു. രണ്ട് ദിവസത്തെ മര്‍ദനത്തിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തി സബ് ജയിലിലേക്ക് മാറ്റിയത്. ബനിക്സ് പൊലീസിനോട് തര്‍ക്കിച്ചതും തട്ടികയറിയതുമാണ് ക്രൂരമര്‍ദനത്തിന് കാരണം. മദ്രാസ് ഹൈക്കോടതിയില്‍ തൂത്തൂക്കുടി എസ്പി റിപ്പോര്‍ട്ട് നല്‍കി. പോസ്റ്റ്മോര്‍ട്ടം വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. 

പ്രതിഷേധം വ്യാപകമായതോടെ സാത്താന്‍കുളം സ്റ്റേഷനിലെ മുഴുവന്‍ പൊലീസുകാരെയും സ്ഥലം മാറ്റിയിട്ടുണ്ട്. എസ്ഐ ഉള്‍പ്പടെ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിടണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുള്ളത്. കുറ്റക്കാരായ പൊലീസുകാരെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധത്തിലേക്ക് കടക്കുകയാണ് ഡിഎംകെ.