വിഷയത്തില്‍ ചര്‍ച്ച അനുവദിക്കാത്ത ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ പ്രതിപക്ഷത്തോട് കയര്‍ത്ത് സഭ വിട്ടു. ഏത് വേദിയിലും ചര്‍ച്ചക്ക് സര്‍ക്കാര്‍ തയ്യാറാണെന്നും, പ്രതിപക്ഷം വിഷയത്തെ രാഷ്ട്രീയ വത്ക്കരിക്കുകയാണെന്നും മന്ത്രി ജെ പി നന്ദ വ്യക്തമാക്കി.  

ദില്ലി: ഒളിംപിക്സ് ഗുസ്തി ഫൈനലിലെ വിനേഷ് ഫോഗട്ടിന്‍റെ അയോഗ്യത ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ ബഹളത്തിനിടെ രാജ്യസഭയില്‍ അസാധാരണ രംഗങ്ങള്‍. വിഷയത്തില്‍ ചര്‍ച്ച അനുവദിക്കാത്ത ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ പ്രതിപക്ഷത്തോട് കയര്‍ത്ത് സഭ വിട്ടു. ഏത് വേദിയിലും ചര്‍ച്ചക്ക് സര്‍ക്കാര്‍ തയ്യാറാണെന്നും, പ്രതിപക്ഷം വിഷയത്തെ രാഷ്ട്രീയ വത്ക്കരിക്കുകയാണെന്നും മന്ത്രി ജെ പി നന്ദ വ്യക്തമാക്കി.

രാജ്യസഭ നടപടികള്‍ തുടങ്ങിയ ഉടന്‍ വിനേഷ് ഫോഗട്ടിന്‍റെ അയോഗ്യത ചര്‍ച്ച ചെയ്യണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിച്ചു. അയോഗ്യതക്ക് പിന്നിലെന്തെന്നറിയണമെന്ന് പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ ആവശ്യപ്പെട്ടു. എന്നാല്‍ ചര്‍ച്ചയില്ലെന്ന് ജഗദീപ് ധന്‍കര്‍ അറിയിച്ചു. മുദ്രാവാക്യം മുഴക്കിയ തൃണമൂല്‍ എംപി ഡെറിക് ഒബ്രിയാന് ശാസന നല്‍ക്കുയും ചെയ്തു. ഇതോടെ പ്രതിപക്ഷം സഭ വിട്ടു. പ്രതിപക്ഷത്തിന് നേരെ ജഗദീപ് ധന്‍കര്‍ വിമര്‍ശനം തുടര്‍ന്നു. കേന്ദ്രമന്ത്രി ജെ പി നദ്ദ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി. പ്രതിപക്ഷത്തിന്‍റെ നടപടി വേദനപ്പിച്ചെന്നും, നിരന്തരം അപമാനിക്കുകയാണെന്നും ധന്‍കര്‍ പറഞ്ഞു. നടപടികളില്‍ തുടരാനാവില്ലെന്ന് വ്യക്തമാക്കി സഭ വിട്ടു.

വിഷയം ചര്‍ച്ച ചെയ്യണമെന്ന് ലോക്സഭയിലും പ്രതിപക്ഷം ആവശ്യമുയര്‍ന്നുണ്ട്. വിനേഷ് ഫോഗട്ടിന്‍റെ സംസ്ഥാനമായ ഹരിയാനയില്‍ നിയമസഭ തെരഞ്ഞെടുപ്പ് വരുന്നതിനാല്‍ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം. അതേസമയം, മെഡല്‍ ജേതാവിന് നല്‍കുന്ന എല്ലാ പരിഗണനയും വിനേഷിന് ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരിക്കുകയാണ്.