ദില്ലി: ഇന്ത്യയിലെ പൊതുശൗചാലയങ്ങളെ ഗൂഗിള്‍ മാപ്പില്‍ ഉള്‍പ്പെടുത്തി. രാജ്യത്തെ 2300 നഗരങ്ങളില്‍ നിന്നുള്ള 57000 പൊതുശൗചാലയങ്ങളാണ് മാപ്പില്‍ ഉള്‍പ്പെട്ടത്. ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ സെര്‍ച്ച്, ഗൂഗിള്‍ അസിസ്റ്റന്‍റ് അല്ലെങ്കില്‍ ഗൂഗിള്‍ മാപ്പ്സ് വഴി ഇവ കണ്ടെത്താനാകും. 

ഓരോ മാസവും രണ്ട് ലക്ഷത്തിലധികം ആളുകളാണ് ഗൂഗിള്‍ മാപ്പിലൂടെയും ഗൂഗിള്‍ സെര്‍ച്ച് വഴിയും പൊതുശൗചാലയങ്ങള്‍ തിരയുന്നത്. സ്വച്ഛ് ഭാരത് മിഷന്‍റെയും ഭവന, നഗരകാര്യ മന്ത്രാലയത്തിന്‍റെയും സംയുക്ത സംരഭമായി 2016 ലാണ് പൊതുശൗചാലയങ്ങളെ ഗൂഗിള്‍ മാപ്പില്‍ ഉള്‍പ്പെടുത്തുന്ന പദ്ധതിക്ക് തുടക്കമിട്ടത്. ആദ്യഘട്ടത്തില്‍ ദില്ലി, ഭോപ്പാല്‍, ഇന്‍ഡോര്‍ എന്നിവിടങ്ങളിലുള്ള പൊതുശൗചാലയങ്ങളാണ് ഗൂഗിള്‍ മാപ്പില്‍ ഉള്‍പ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഗൂഗിള്‍ മാപ്പ് നടത്തിയ ബോധവത്ക്കരണ ക്യാമ്പയിന്‍റെ ഭാഗമായി 32000 പ്രതികരണങ്ങള്‍ ലഭിച്ചിരുന്നു. 

ഭാരതത്തിലെ നഗര, ഗ്രാമപ്രദേശങ്ങളിലെ  തെരുവുകളും റോഡുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും വൃത്തിയാക്കുകയെന്ന ലക്ഷ്യത്തോടെ 2014 ലാണ് മോദി സര്‍ക്കാരിന്റെ പ്രധാന പദ്ധതിയായി സ്വച്ഛ് ഭാരത് അഭിയാന്‍ ആരംഭിച്ചത്. സര്‍ക്കാരിന്‍റെ സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതി ശുചിത്വവും നല്ല ശീലങ്ങളും പ്രോത്സാഹിപ്പിക്കുന്നെന്ന് ഗൂഗിള്‍ മാപ്പിന്‍റെ സീനിയര്‍ പ്രോഗ്രാം മാനേജര്‍ അനല്‍ ഘോഷ് പറഞ്ഞു.