ഇൻഡിഗോ വിമാന സർവീസുകളിലെ പ്രതിസന്ധിയെ തുടർന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) നാല് ഫ്ലൈറ്റ് ഇൻഫർമേഷൻ ഓഫീസർമാരെ നീക്കം ചെയ്തു. വിഷയത്തിൽ കൂടുതൽ വിശദീകരണം തേടുന്നതിനായി ഇൻഡിഗോ സിഇഒയെ വീണ്ടും വിളിപ്പിച്ചിട്ടുണ്ട്.
ദില്ലി: ഇൻഡിഗോ പ്രതിസന്ധിയിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി. നാല് ഫ്ലൈറ്റ് ഇൻഫർമേഷൻ ഓഫീസർമാരെ ഡിജിസിഎ നീക്കം ചെയ്തു. എയർലൈൻസ് സുരക്ഷ, പ്രവർത്തനക്ഷമത എന്നിവയുടെ മേൽനോട്ട ഉത്തരവാദിത്വം ഉണ്ടായിരുന്ന ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. അതേസമയം, ഇന്‍ഡിഗോ പ്രതിസന്ധിയിൽ വിശദീകരണം നൽകാൻ കമ്പനി സിഇഒയെ വീണ്ടും വിളിപ്പിച്ച് ഡിജിസിഎ. നാലംഗ സമിതിക്ക് മുന്നിൽ ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ് ഹാജരാകണമെന്നാണ് നിർദേശം. രാജ്യവ്യാപക സർവീസ് പ്രതിസന്ധിയെ സംബന്ധിച്ച വിശദീകരണം തേടുന്നതിനായാണ് നടപടി. ഇന്നലെയും ഇൻഡിഗോ സിഇഒയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ഡിജിസിഎയ്ക്ക് മുമ്പാകെ ഹാജരായിരുന്നു.
ഡിജിസിഎയിലെ ഫ്ലൈറ്റ് ഓപ്പറേഷൻസ് ഉദ്യോഗസ്ഥരായ റിഷ് രാജ് ചാറ്റർജി, സീമാ ഝമ്നാനി, അനിൽ കുമാർ പൊക്കാരിയാൽ, പ്രിയാം കൌഷിക്ക് എന്നിവരെയാണ് പുറത്താക്കിയത്. ഡിജിസിഎയിൽ കരാർ അടിസ്ഥാനത്തിൽ പ്രവർത്തിച്ചിരുന്ന ഉദ്യോഗസ്ഥരെയാണ് പുറത്താക്കിയത്. പ്രതിസന്ധിയിലായ ഇൻഡിഗോയുടെ സുരക്ഷ, പൈലറ്റ് പരിശീലനം, പ്രവർത്തനം എന്നിവ നിരീക്ഷിക്കുന്ന ഉദ്യോഗസ്ഥരാണ് നടപടി നേരിട്ടത്. വിമാനക്കമ്പനിയുടെ പരിശോധനയിലും നിരീക്ഷണത്തിലും ഉണ്ടായ അശ്രദ്ധയെ തുടർന്നാണ് നടപടി. ശൈത്യകാല ഷെഡ്യൂളിൽ 10% കൂടുതൽ വിമാന സർവീസുകൾ ഇൻഡിഗോയ്ക്ക് അനുവദിക്കും മുൻപ് പൈലറ്റ് മാരുടെ ആവശ്യകത, പുതിയ പൈലറ്റ് ഡ്യൂട്ടിക്രമം, വിശ്രമമാനദണ്ഡങ്ങൾ പാലിക്കാനുള്ള തയ്യാറെടുപ്പ് എന്നിവ ഡിജിസിയെ പരിശോധിച്ചോ എന്ന ചോദ്യങ്ങൾക്കിടയാണ് നടപടി.
മനപ്പൂർവ്വം പ്രതിസന്ധി സൃഷ്ടിച്ചിട്ടില്ല എന്ന് ഇൻഡിഗോ അധികൃതർ ആവർത്തിക്കുമ്പോഴും ഇൻഡിഗോയുടെ കെടുകാര്യസ്ഥതയാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് വ്യോമയാനമന്ത്രി പറയുന്നത്. നഷ്ടപരിഹാരത്തിന് പുറമേ യാത്രക്കാർക്ക് ഇൻഡിഗോ നൽകാമെന്ന് വാഗ്ദാനം ചെയ്ത പതിനായിരം രൂപയുടെ വൗച്ചറുകൾക്കായി 350ലധികം കോടി രൂപ മാറ്റിവയ്ക്കും എന്നാണ് സൂചന. സർവീസുകൾ ഏതാണ്ട് സാധാരണ നിലയിലായെന്നും നൂറിൽ താഴെ സർവീസുകളെ ഇന്ന് റദ്ദാക്കേണ്ടി വരികയുള്ളു എന്നും കമ്പനി വൃത്തങ്ങൾ പറഞ്ഞു.
സർവീസ് പ്രതിസന്ധി മനപ്പൂർവം ഇൻഡിഗോ സൃഷ്ടിച്ചതാണെന്ന സംശയങ്ങൾക്കിടെ സർവീസുകൾ വെട്ടിക്കുറച്ച് മറ്റു കമ്പനികൾക്ക് കൈമാറുന്നതുൾപ്പടെയുള്ള നടപടികൾ കേന്ദ്ര വ്യോമയാന മന്ത്രാലയം തുടങ്ങിയിട്ടുണ്ട്. വിമാന യാത്ര നിരക്കുകൾ നിയന്ത്രിക്കാനും നിരീക്ഷിക്കാനും സംവിധാനം വേണമെന്ന് നിർദ്ദേശിക്കുന്ന പ്രമേയം ഇന്ന് ലോക്സഭ പരിഗണിച്ചേക്കും. വടകര എംപി ഷാഫി പറമ്പിലിന്റെ പ്രമേയമാണ് അജണ്ടയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഉയർന്ന വിമാന നിരക്കുകൾ നിയന്ത്രിക്കാൻ അർദ്ധ ജുഡീഷ്യൽ സംവിധാനം വേണമെന്നും പ്രമേയം നിർദ്ദേശിക്കുന്നു. കേരളത്തിൽ എയിംസ് സ്ഥാപിക്കണം എന്നാവശ്യപ്പെടുന്ന ജോൺ ബ്രിട്ടാസിൻറെ സ്വകാര്യ പ്രമേയം രാജ്യസഭയുടെ അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എസ്ഐആറിനെക്കുറിച്ചുള്ള ചർച്ച രാജ്യസഭയിൽ തിങ്കളാഴ്ച തുടരും.
