ദില്ലിയിലെ പ്രതികൂല കാലാവസ്ഥയെ തുടർന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ ഇന്ത്യ സഖ്യത്തിന്റെ ജനകീയ കുറ്റവിചാരണ നാളത്തേക്ക് മാറ്റി. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയാണ് ഇക്കാര്യം അറിയിച്ചത്
ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ത്യാസഖ്യം ഇന്ന് പ്രഖ്യാപിച്ച ജനകീയ കുറ്റവിചാരണ മാറ്റി. ദില്ലിയിലെ മോശം കാലാവസ്ഥ കണക്കിലെടുത്താണ് തീരുമാനമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അറിയിച്ചു. നാളെ ഉച്ചക്ക് ശേഷം രണ്ടരക്ക് പരിപാടി സംഘടിപ്പിക്കുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. ദില്ലിയിൽ കനത്ത മഴയാണെന്നും മുതിർന്ന നേതാക്കൾക്ക് ഒരുപാട് സമയം മഴയത്ത് നിൽക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് രാഹുൽ കൂട്ടിച്ചേർത്തു. നവംബർ 1 ന് രാംലീല മൈതാനത്താണ് ഇന്ത്യ സഖ്യത്തിന്റെ അടുത്ത ഘട്ട പ്രതിഷേധം നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വലിയ ജനസമൂഹം രാംലീലയിലേക്ക് എത്തും. ഗ്യാനേഷിനെതിരായ പ്രതിഷേധം ജനാധിപത്യത്തെ സംരക്ഷിക്കാനുള്ളതാണെന്നും എല്ലാവരും അണിനിരക്കണമെന്നും രാഹുൽ ഗാന്ധി ആഹ്വാനം ചെയ്തു. മറ്റന്നാളത്തെ ജനപങ്കാളിത്തം എങ്ങനെയെന്ന് കാത്തിരുന്ന് കണ്ടോളു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനകീയ കുറ്റവിചാരണ
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ നടക്കുന്ന പരസ്യ വിചാരണയില്‍ മുന്‍ ലോക് സഭ സ്പീക്കര്‍ മീരാ കുമാര്‍ പ്രതീകാത്മക സ്പീക്കറാകും. നാളെ ഉച്ചക്ക് ശേഷം രണ്ടരക്ക് നടപടികൾ തുടങ്ങും. മീരാകുമാര്‍ സ്പീക്കറാകുന്ന പ്രതീകാത്മക പാര്‍ലമെന്റില്‍ രാജ്യസഭ പ്രതിപക്ഷ നേതാവ് കൂടിയായ ഖര്‍ഗെ ഗ്യാനേഷിനെ പുറത്താക്കണമെന്ന പ്രമേയം അവതരിപ്പിക്കും. എം പിമാരും ഇന്ത്യ സഖ്യ നേതാക്കളും സംസാരിക്കും. വോട്ടർ പട്ടിക പരിഷ്ക്കരണത്തോടെ വോട്ടവകാശം ഇല്ലാതായവരും അനുഭവങ്ങള്‍ പങ്കുവെക്കും. പൗരാവകാശ സംഘടന നേതാക്കളും പ്രസംഗിക്കും. ഒടുവില്‍ രാഹുല്‍ ഗാന്ധിയുടെ മറുപടി. പിന്നാലെ ഗ്യാനേഷ് കുമാറിനെ പുറത്താക്കിയതായി സ്പീക്കര്‍ മീരാകുമാര്‍ പ്രതീകാത്മക വിധി പ്രഖ്യാപനം നടത്തും. ഈ നിലയിലാകും പരിപാടി.
സഖ്യ നേതാക്കൾക്ക് കത്തയച്ച് വ്യാപാരികൾ
അതേസമയം നവംബർ ഒന്നിലെ മഹാറാലി, ദീപാവലി സീസൺ പ്രമാണിച്ച് തത്കാലത്തേക്ക് നീട്ടിവയ്ക്കണമെന്ന ആവശ്യത്തിൽ ദില്ലിയിലെ വ്യാപാരികൾ ഉറച്ചുനിൽക്കുകയാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇന്ത്യ സഖ്യ നേതാക്കൾക്കും വ്യാപാരികൾ ഇന്ന് കത്തയച്ചു. മമത ബാനർജിക്കും അഖിലേഷ് യാദവിനുമടക്കം വ്യാപാരികളുടെ കൂട്ടായ്മ കത്തയച്ചു. വ്യാപാരം ബാധിക്കപ്പെടുമെന്നതിനാൽ മഹാറാലി മാറ്റണമെന്നാണ് ആവശ്യം. രാഹുൽ ഗാന്ധിക്ക് വ്യാപാരികൾ നേരത്തെ കത്ത് നൽകിയിരുന്നെങ്കിലും റാലി മാറ്റാനാകില്ലെന്നായിരുന്നു മറുപടി.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക





