Asianet News MalayalamAsianet News Malayalam
breaking news image

ഐഎഎസ് നേടാൻ പൂജ സമർപ്പിച്ച സർട്ടിഫിക്കറ്റുകളും വ്യാജമോ...; സിവിൽ സർവീസ് നേടിയതിൽ ദുരൂഹത ഉയർത്തി ആരോപണം

ഭിന്നശേഷി സ്ഥിരീകരിക്കാൻ വൈദ്യപരിശോധനയ്ക്ക് വിധേയയാകാൻ ആറ് തവണ ആവശ്യപ്പെട്ടിട്ടും ഇവർ ഹാജരായില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

Puja Khedkar Trainee IAS Officer submit fake Disability certificate
Author
First Published Jul 11, 2024, 8:38 AM IST

മുംബൈ: സിവിൽ സർവീസ് പ്രൊബേഷണറി ഓഫിസറായ പൂജാ ഖേഡ്കർ നിയമന മുൻ​ഗണക്കായി ഭിന്നശേഷിക്കാരിയാണെന്ന് തെളിയിക്കാൻ സമർപ്പിച്ച സർട്ടിഫിക്കറ്റുകൾ വ്യാജമെന്ന് ആരോപണം. സ്വകാര്യ കാറിൽ ബീക്കൺ ഘടിപ്പിച്ചതിനും സർക്കാർ മുദ്ര പതിപ്പിച്ചതിനും കലക്ടറുടെ ഓഫിസിൽ അതിക്രമിച്ച് കയറിയതിനും ഇവരെ കഴിഞ്ഞ ദിവസം സ്ഥലം മാറ്റിയിരുന്നു. മഹാരാഷ്ട്രയിലെ വിവാദ ഉദ്യോ​ഗസ്ഥയാണ് പൂജ. 

സിവിൽ സർവീസിൽ ഇളവുകൾ ലഭിക്കുന്നതിനായി യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന് കാഴ്ച വൈകല്യമുണ്ടെന്ന് അവകാശപ്പെട്ട് നൽകിയ സർട്ടിഫിക്കറ്റ് വ്യാജമാണെന്നാണ് പുതിയ ആരോപണം. ഭിന്നശേഷി സ്ഥിരീകരിക്കാൻ വൈദ്യപരിശോധനയ്ക്ക് വിധേയയാകാൻ ആറ് തവണ ആവശ്യപ്പെട്ടിട്ടും ഇവർ ഹാജരായില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 2022 ഏപ്രിലിൽ ദില്ലി എയിംസിൽ പരിശോധന നടത്താൻ തീരുമാനിച്ചിരുന്നതായും എന്നാൽ അന്ന് കൊവിഡ്-19 പോസിറ്റീവ് ആണെന്ന് പറഞ്ഞ് ഇവർ ഒഴിഞ്ഞതായും റിപ്പോർട്ടുകൾ പറയുന്നു. തുടർന്നുള്ള പരിശോധനകളിലും എംആർഐ പരിശോധനക്കും ഇവർ ഹാജരായില്ല.

Read More.... സ്വന്തം ഔഡി കാറിൽ ബീക്കൺ ലൈറ്റ്, സർക്കാർ മുദ്ര; ഐഎഎസ് ട്രെയിനിയെക്കൊണ്ട് പൊറുതുമുട്ടി, ഒടുവിൽ സ്ഥലംമാറ്റം

തുടർന്ന് യുപിഎസ്‍സി ഇവർക്കെതിരെ നടപടിയെടുത്തു. 2023 ഫെബ്രുവരിയിൽ ഒരു ട്രൈബ്യൂണൽ പൂജക്ക് എതിരെ വിധി പറയുകയും ചെയ്തു. എന്നാൽ സിവിൽ സർവീസ് നിയമനം ഉറപ്പാക്കാൻ പൂജക്ക് സാധിച്ചെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇവരുടെ ഒബിസി പദവി അവകാശപ്പെടുന്ന സർട്ടിഫിക്കറ്റും സംശയത്തിന്റെ നിഴലിലാണ്. യുപിഎസ്‍സി പരീക്ഷയിൽ 841-ാം റാങ്കാണ് ഇവർക്ക് ലഭിച്ചത്. അഹമ്മദ്‌നഗർ സ്വദേശിയായ പൂജ  2023 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ്. 

അധികാര ദുർവിനിയോഗം ആരോപിച്ച് പ്രൊബേഷണറി ഡോ. പൂജ ഖേദ്കറെ മഹാരാഷ്ട്ര സർക്കാർ പൂണെയിൽ നിന്ന് വാഷിമിലേക്ക് സ്ഥലം മാറ്റിയിരുന്നു. വാഷിമിൻ്റെ സൂപ്പർ ന്യൂമറി അസിസ്റ്റൻ്റ് കളക്ടറായാണ് സ്ഥലം മാറ്റിയത്. പുണെ കളക്ടർ ഡോ.സുഹാസ് ദിവാസെ ചീഫ് സെക്രട്ടറിക്ക് അയച്ച റിപ്പോർട്ടിനെ തുടർന്നാണ് നടപടി. തൻ്റെ സ്വകാര്യ ഓഡി കാറിൽ ചുവന്ന-നീല ബീക്കൺ ലൈറ്റും വിഐപി നമ്പർ പ്ലേറ്റും ഉപയോഗിച്ചുവെന്നും അന്വേഷണത്തിൽ കണ്ടെത്തി.സ്വകാര്യ കാറിൽ 'മഹാരാഷ്ട്ര സർക്കാർ' എന്ന ബോർഡും സ്ഥാപിച്ചിരുന്നു. വിഐപി നമ്പർ പ്ലേറ്റുള്ള ഔദ്യോഗിക കാർ, താമസ സൗകര്യം, മതിയായ ജീവനക്കാരുള്ള ഔദ്യോഗിക ചേംബർ, കോൺസ്റ്റബിൾ എന്നിവ ഉൾപ്പെടുന്ന ആവശ്യങ്ങളും ഖേദ്കർ ഉന്നയിച്ചു. ചട്ടങ്ങൾ അനുസരിച്ച്, ഒരു ട്രെയിനിക്ക് മേൽപ്പറഞ്ഞ സൗകര്യങ്ങൾ നൽകില്ല.

Asianet News Live

Latest Videos
Follow Us:
Download App:
  • android
  • ios