മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ ജഗ്മോഹന്‍ കാംഗാണ് പാര്‍ട്ടി വിട്ട് ആം ആദ്മിയില്‍ ചേര്‍ന്നത്. 

ഛണ്ഡീഗഢ്: തെരഞ്ഞെടുപ്പില്‍ (Punjab Election) മത്സരിക്കാന്‍ സീറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് പഞ്ചാബിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടിവിട്ട് എഎപിയില്‍ ചേര്‍ന്നു. മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ ജഗ്മോഹന്‍ കാംഗാണ് (Jagmohan Kang) പാര്‍ട്ടി വിട്ട് ആം ആദ്മിയില്‍ (AAP) ചേര്‍ന്നത്. മക്കളായ യാദ്വിന്ദ്ര കാംഗ്, അമരീന്ദര്‍ സിംഗ് കാംഗ് എന്നിവരും എഎപിയില്‍ ചേര്‍ന്നു. 'പഞ്ചാബ് കോണ്‍ഗ്രസുമായുള്ള അതൃപ്തിയെ തുടര്‍ന്ന് മുന്‍ മന്ത്രിയും എംഎല്‍എയുമായ ജഗ്മോഹന്‍ സിംഗ് കാംഗപം യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ മക്കളും ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നെന്ന് എഎപി നേതാവ് രാഘവ് ഛദ്ദ ട്വീറ്റ് ചെയ്തു. സീറ്റ് നല്‍കാത്തതിനെ തുടര്‍ന്നാണ് മുന്‍ മന്ത്രി പാര്‍ട്ടി വിട്ടത്. ഖറാര്‍ സീറ്റ് വിജയ് ശര്‍മക്കാണ് കോണ്‍ഗ്രസ് നല്‍കിയത്. തുടര്‍ന്ന് മുഖ്യമന്ത്രി ചന്നിക്കെതിരെ ആരോപണമുന്നയിച്ചിരുന്നു. തന്റെ മകന്‍ യാദ്വിന്ദ്ര സിങ് സ്വതന്ത്രനായി മത്സരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. 2002-2007 അമരീന്ദര്‍ സിങ് മന്ത്രിസഭയില്‍ മൃഗസംരക്ഷണം-ഫിഷറീസ് മന്ത്രിയായിരുന്നു കാംഗ്. ഫെബ്രുവരി 20നാണ് പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പ്. മാര്‍ച്ച് 10നാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരിക.