ചണ്ഡിഗഡ്: കടം വാങ്ങിയ തുക തിരികെ നൽകിയില്ലെന്ന് ആരോപിച്ച്  യുവതിയെ ക്രൂരമായി മർദ്ദിക്കുന്ന പഞ്ചാബിലെ കോൺ​ഗ്രസ് കൗൺ​സിലറുടെ സഹോദരന്റെ വീഡിയോ പുറത്ത്. പഞ്ചാബിലെ മുക്താറിലാണ് സംഭവം. മീന റാണി എന്ന യുവതിയാണ് ക്രൂര മർദ്ദനത്തിന് ഇരയായത്. സംഭവത്തിൽ കൗൺസിലറുടെ സഹോദരനടക്കം ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 

മുക്തർ മുനിസിപ്പൽ കോർപ്പറേഷൻ കൗൺസിലറായ രാകേഷ് ചൗധരിയുടെ സഹോദരനും കൂട്ടാളികളുമാണ് പണത്തെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ യുവതിയെ മർദ്ദിച്ച് അവശയാക്കിയത്. മീനയെ മര്‍ദ്ദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. 

മീനയെ വീട്ടില്‍ നിന്ന് റോഡിലേയ്ക്ക് വലിച്ചിഴയ്ക്കുകയും വയറില്‍ ചവിട്ടുകയും ബെല്‍റ്റും വടിയും ഉപയോഗിച്ച് തല്ലുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നത്. മീനയെ മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ച സ്ത്രീകളെയും സംഘം ക്രൂരമായി മർദ്ദിച്ചു.  രാകേഷ് ചൗധരിയുടെ സഹോദരനില്‍ നിന്ന് മീന 23,000 രൂപ കടമായി വാങ്ങിയിരുന്നു. എന്നാൽ ഈ തുക തിരികെ നൽകാൻ മീനയ്ക്ക് സാധിക്കാതെ വന്നതാണ് ഇയാളെ പ്രകോപിപ്പിച്ചതെന്നാണ് റിപ്പോർട്ട്.  

മർദ്ദനത്തിൽ അവശയായ യുവതിയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഇവരുടെ നില ​ഗുരുതരമാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ തുടരന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.