ദില്ലി: പഞ്ചാബിൽ കഴിഞ്ഞ ഒന്നര മാസമായി തുടർന്നുവരുന്ന ട്രെയിൻ തടയൽ സമരം താത്ക്കാലികമായി നിർത്തിവയ്ക്കാൻ കർഷക തീരുമാനം. കർഷക സംഘടനകളുമായി മുഖ്യമന്ത്രി അമരീന്ദർ സിം​ഗ് നടത്തിയ ചർച്ചയിലാണ് സമരം 15 ദിവസത്തേക്ക് നിർത്തിവയ്ക്കാൻ തീരുമാനിച്ചത്. 15 ദിവസത്നിനുള്ളിൽ തങ്ങൾ ഉന്നയിച്ച പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ സമരം വീണ്ടും ആരംഭിക്കുമെന്നും സംഘടനകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

പാസഞ്ചർ, ചരക്ക് ട്രെയിനുകൾ കടത്തിവിടാനാണ് തീരുമാനം ഉണ്ടായിരിക്കുന്നത്. ചരക്ക് ട്രെയിൻ സർവ്വീസ് പുനഃരാരംഭിക്കണമെന്ന കർഷകരുടെ ആവശ്യം റെയിൽവെ തള്ളിയിരുന്നു. ഇതോടെയാണ് പാസഞ്ചർ ട്രെയിനുകൾ തടയാൻ വീണ്ടും തീരുമാനിച്ചത്. കർഷകസമരത്തെത്തുടർന്ന് 22000 കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാനത്ത് ഇതുവരെ ഉണ്ടായത്. നവംബർ 23 രാത്രി മുതൽ ട്രെയിനുകൾ ഓടിത്തുടങ്ങും.