ഹര്‍കിഷന്‍ സിങ് സുര്‍ജിത്തിന്റെ ഗ്രാമമായ ബുന്‍ഡാലയില്‍ നഴ്‌സിങ് കോളേജ് സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സുര്‍ജിത്തിന്റെയും ഭാര്യ പ്രിതം കൗറിന്റെയും സ്മരണക്കായാണ് കോളേജ് സ്ഥാപിക്കുക.

ജലന്ധര്‍: പഞ്ചാബില്‍ റോഡിന് അന്തരിച്ച സിപിഎം നേതാവ് ഹര്‍കിഷന്‍ സിങ് സുര്‍ജിത്തിന്റെ (Harkishan singh surjit) പേര് നല്‍കി കോണ്‍ഗ്രസ് സര്‍ക്കാര്‍. ബാരാ പിന്‍ഡില്‍ നിന്ന് ജാന്‍ഡിയാല വരെ പോകുന്ന 25 കിലോമീറ്റര്‍ റോഡിനാണ് സഖാവ് ഹര്‍കിഷന്‍ സിങ് സുര്‍ജിത് മാര്‍ഗെന്ന് പേര് നല്‍കിയത്. മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നിയാണ് (Charanjith singh channi) പേരിട്ടത്. ആറ് കോടി രൂപ ചെലവിലാണ് റോഡ് അറ്റകുറ്റപ്പണി നടത്തി പുനര്‍നാമകരണം നടത്തിയത്. ബുന്‍ഡാലയിലെ സീനിയര്‍ സെക്കന്‍ഡറി സ്മാര്‍ട്ട് സ്‌കൂളിനും സുര്‍ജിത്തിന്റെ പേരിട്ടു. അടുത്തമാസം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഈ നീക്കമെന്നും ശ്രദ്ധേയം.

രാജ്യത്തെ ജനാധിപത്യം കെട്ടിപ്പടുക്കുന്നതിനും സംരക്ഷിക്കുന്നതിനും സഖാവ് ഹര്‍കിഷന്‍ സിങ് സുര്‍ജിത്ത് നല്‍കിയ സംഭാവനകള്‍ നോക്കുമ്പോള്‍ അദ്ദേഹത്തിന് വേണ്ടി സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യുന്നത് വലിയ കാര്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ ബൃഹത്തായ താല്‍പര്യം സംരക്ഷിക്കാനും ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ മുന്നില്‍ നിന്ന് നയിക്കാനും സുര്‍ജിത് എക്കാലവുമുണ്ടായിരുന്നു. മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തില്‍ യുപിഎ സര്‍ക്കാര്‍ രൂപീകരിക്കാന്‍ മുന്നില്‍ നിന്ന നേതാവായിരുന്നു അദ്ദേഹമെന്നും ചന്നി പറഞ്ഞു.

ഹര്‍കിഷന്‍ സിങ് സുര്‍ജിത്തിന്റെ ഗ്രാമമായ ബുന്‍ഡാലയില്‍ നഴ്‌സിങ് കോളേജ് സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സുര്‍ജിത്തിന്റെയും ഭാര്യ പ്രിതം കൗറിന്റെയും സ്മരണക്കായാണ് കോളേജ് സ്ഥാപിക്കുക. ഇതിനായി അഞ്ചേക്കര്‍ സ്ഥലം വിട്ടുനല്‍കാന്‍ പഞ്ചായത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 10 ദിവസത്തിനുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.