ദില്ലി: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷമാകുന്ന കര്‍ഷക സമരത്തിന്‍റെ ഭാഗമാകാന്‍ പഞ്ചാബില്‍ നിന്ന് ഒരു കുട്ടികര്‍ഷകനുമെത്തിയിട്ടുണ്ട്. മുത്തച്ഛനൊപ്പം പാടത്തിറങ്ങുന്ന പത്ത് വയസുകാരന്‍ ജസ്പ്രീത് സിങ്ങാണ് സമരമുഖത്ത് ശ്രദ്ധാകേന്ദ്രമാകുന്നത്. കേന്ദ്ര നിയമത്തിനെതിരെ 
കടുത്ത ഭാഷയിലാണ് ഈ കുട്ടിക്കർഷകനും പ്രതികരിക്കുന്നത്.

ബുറാഡിയിലെ സമര ഭൂമിയിൽ ഓടിക്കളിക്കുകയാണ് ജസ്പ്രീത് സിങ്ങ്. ഇടയ്ക്ക് കൊടി കൈയ്യിലേന്തി ജാഥക്കൊപ്പം ചേരും. പിന്നെ ട്രാക്ടറിൽ കയറി ഇരിക്കും. നിതാങ്കരിയിലെ സമരസ്ഥലത്ത് ഇപ്പോൾ ജസ്പ്രീതാണ് ശ്രദ്ധാകേന്ദ്രം. സമരത്തിനായി മുത്തച്ഛൻ മുകൾക്ക് സിങ്ങ് ദില്ലിക്ക് പോകുകയാണെന്ന് അറിഞ്ഞപ്പോൾ കുഞ്ഞ് ജസ്പ്രീതിന് സങ്കടം. കൊച്ചുമകനെ പിരിയാൻ മുത്തച്ഛനും സങ്കടമായതോടെ ഒപ്പം കൂട്ടി. പൊലീസ് തടഞ്ഞപ്പോളും കണ്ണീർ വാതകം പൊട്ടിയപ്പോളും ജസ്പ്രീതിനെ മുത്തച്ഛൻ ചേർത്ത് പിടിച്ചു. 

"മോദി സർക്കാർ ഞങ്ങൾക്ക് നീതി നൽകണം. മോദി സർക്കാരിന്റെ നിലപാട് കാരണമാണ് ഇവിടെ ഇരിക്കേണ്ടി വരുന്നത്." മോദി സർക്കാരിനോട് ജസ്പ്രീതിന് പറയാനുള്ളത് ഇതാണ്. 

മുകൾക്ക് സിങ്ങിന്റെ രണ്ടാമത്തെ മകന്റെ മകനാണ് ജസ്പ്രീത്. പാടത്ത് കൃഷി പണിക്ക് മുത്തച്ഛന്റെ സഹായികൂടിയാണ്. കേന്ദ്രസർക്കാർ തങ്ങളെ സമരത്തിലേക്ക് തള്ളിവിട്ടതാണെന്ന് മുകൾക്ക് സിങ്ങ് പറയുന്നു. "ഞങ്ങളെ ഈ സമരത്തിലേക്ക് തള്ളിവിട്ടതല്ലേ ഈ സർക്കാർ. ഇതിനു തീരുമാനമാകാതെ തിരിച്ചു പോക്കില്ല."  മുകൾക്ക് സിങ്ങിന്റെ വാക്കുകൾ. 

പഠനത്തിൽ മിടുക്കനായ ജസ്പ്രീത് ഉന്നതപഠനം നേടിയാലും കാർഷിക വൃത്തി തുടരുമെന്നാണ് മുത്തച്ഛന്റെ ഉറച്ച വിശ്വാസം.