നിയമവിരുദ്ധമായാണ് അറസ്റ്റ് ചെയ്തതതെന്നും കെജ്രിവാളിനെതിരായ ട്വീറ്റില്‍ ഉറച്ചുനില്‍ക്കുന്നതായി ബഗ്ഗ പറഞ്ഞു. അതേസമയം തജീന്ദര്‍ ബഗ്ഗയുടെ അറസ്റ്റുമായി ബന്ധപ്പെട്ട കേസ് പഞ്ചാബ് ഹരിയാന ഹൈക്കോടതി മെയ് പത്തിലേക്ക് മാറ്റി
ദില്ലി: ഭീകരനോടെന്ന പോലെയാണ് തന്നോട് പഞ്ചാബ് പൊലീസ് പെരുമാറിയതെന്ന് ബിജെപി നേതാവ് തജീന്ദർ ബഗ്ഗ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു . നിയമവിരുദ്ധമായാണ് അറസ്റ്റ് ചെയ്തതതെന്നും കെജ്രിവാളിനെതിരായ ട്വീറ്റില്‍ ഉറച്ചുനില്‍ക്കുന്നതായി ബഗ്ഗ പറഞ്ഞു. അതേസമയം തജീന്ദര്‍ ബഗ്ഗയുടെ അറസ്റ്റുമായി ബന്ധപ്പെട്ട കേസ് പഞ്ചാബ് ഹരിയാന ഹൈക്കോടതി മെയ് പത്തിലേക്ക് മാറ്റി.
സെർച്ച് വാറന്‍റ് പുറപ്പെടുവിച്ചിരുന്ന സാഹചര്യത്തില്‍ ഇന്നലെ അർധരാത്രിയില്‍ തന്നെ തജ്ജീന്ദർ ബഗ്ഗയെ ദില്ലി പൊലീസ് മജിസ്ട്രേറ്റിന്‍റെ വസതിയില്‍ ഹാജരാക്കിയിരുന്നു. പിന്നീട് വീട്ടിലുമെത്തിച്ചു. കേസെടുത്ത് തന്നെ ഭയപ്പെടുത്താൻ കെജ്രിവാളിന് ആകില്ലെന്നും അറസ്റ്റ് നിയമവിരുദ്ധമായിരുന്നുവെനും തജീന്ദർ ബഗ്ഗ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഭീകരനോടെന്ന പോലെയാണ് പഞ്ചാബ് പൊലീസ് പെരുമാറിയത് . വാറണ്ട് പോലും കാണിച്ചില്ല. ട്വീറ്റില്‍ ഉറച്ച് നില്‍ക്കുന്നു. തജീന്ദർ ബഗ്ഗ പറഞ്ഞു.
ഇന്ന് കേസ് പരിഗണിച്ച പഞ്ചാബ് ഹരിയാന ഹൈക്കോടതി വാദം കേട്ട ശേഷം കേസ് മാറ്റി വെച്ചു. ഈ മാസം പത്തിലേക്കാണ് കേസ് മാറ്റിയത്. കോടതി ആവശ്യപ്പെട്ട സാഹചര്യത്തില്‍ ദില്ലി പോലീസും ഹരിയാനയും കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ദില്ലിയില്‍ കോര്‍പ്പറേഷന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ തജീന്ദർ ബഗ്ഗയുടെ അറസ്റ്റ് ആംആദ്മി സർക്കാരിനെതിരെ ശക്തമായി ഉയര്‍ത്താനാണ് ബിജെപി നീക്കും. ബിജെപി സിക്ക് വിഭാഗം നേതാക്കളുടെ പ്രതിഷേധം കെജ്രിവാളിന്‍റെ വസതിക്ക് മുൻപില്‍ സംഘടിപ്പക്കാനും പാര്‍ട്ടി ആലോചിക്കുന്നുണ്ട്.

Read Also; കോടതി കയറി തജീന്ദർ ബഗ്ഗയുടെ അറസ്റ്റ്, നിയമ പ്രകാരമെന്നാവർത്തിച്ച് പഞ്ചാബ് പൊലീസ്
അരവിന്ദ് കെജ്രിവാളിനെ ട്വിറ്ററിലൂടെ അടക്കം ഭീഷണിപ്പെടുത്തിയ കേസിൽ ദില്ലി ബിജെപി നേതാവ് തജീന്ദർ പൽ സിങ് ബഗ്ഗയെ ( Tajinder Bagga Arrest) അറസ്റ്റ് ചെയ്തത് നിയമ പ്രകാരമെന്നാവർത്തിച്ച് പഞ്ചാബ് പൊലീസ്. ബഗ്ഗക്ക് പലകുറി നോട്ടീസ് നൽകിയിരുന്നുവെന്നും നിർദ്ദേശം ആവർത്തിച്ച് ലംഘിച്ചാൽ അറസ്റ്റുണ്ടാകുമെന്നും അറിയിച്ചിരുന്നതായും പഞ്ചാബ് പൊലീസ് അറിയിച്ചു. ബഗ്ഗയുടെ അറസ്റ്റ് നടപടികൾ ചിത്രീകരിച്ചിരുന്നുവെന്ന് വ്യക്തമാക്കിയ പഞ്ചാബ് പൊലീസ്, പ്രതിയെ കസ്റ്റഡിയില്‍ നിന്ന് മോചിപ്പിച്ച ദില്ലി പൊലീസിന്റെ നടപടിയിലും കടുത്ത അതൃപ്തി രേഖപ്പെടുത്തി.
അതേ സമയം, തജീന്ദർ ബഗ്ഗയെ അറസ്റ്റ് ചെയ്ത സംഭവം പഞ്ചാബ് ഹരിയാന ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹരിയാന പൊലീസും ദില്ലി പൊലീസും ഇന്ന് കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കും. ഗുരുഗ്രാം മജിസ്ട്രേറ്റ് കോടതി രാത്രിയിൽ ജാമ്യം നൽകിയതിന് പിന്നാലെ തജീന്ദർ ബഗ്ഗയെ ദില്ലി പൊലീസ് വീട്ടിലെത്തിച്ചു. ഇയാൾ തിങ്കളാഴ്ച കോടതിയിൽ ഹാജരാകും. അറസ്റ്റിനിടെ തജീന്ദർ ബഗ്ഗക്ക് പരിക്കേറ്റതായി അഭിഭാഷകൻ ആരോപിച്ചു. കേസെടുത്ത് തന്നെ ഭയപ്പെടുത്താൻ കെജ്രിവാളിന് കഴിയില്ലെന്നാണ് വീട്ടിലെത്തിയ ശേഷം തജീന്ദർ ബഗ്ഗ പ്രതികരിച്ചത്.
നാടകീയ സംഭവങ്ങളാണ് പഞ്ചാബ് പൊലീസ് ബിജെപി നേതാവിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ അരങ്ങേറിയത്. പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്ത തജീന്ദർ പൽ സിങ് ബഗ്ഗയെ ദില്ലി പൊലീസ് കസ്റ്റഡിയില്‍ നിന്നും മോചിപ്പിക്കുകയായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്ത് പഞ്ചാബിലേക്ക് കൊണ്ടുപോകും വഴി ഹരിയാന പൊലീസാണ് സംഘത്തെ തടഞ്ഞ് തജീന്ദർ പൽ സിങ് ബഗ്ഗയെ ദില്ലി പൊലീസിന് കൈമാറിയത്.
അറസ്റ്റ് ഇങ്ങനെ...
രാവിലെ പത്തിലധികം പഞ്ചാബ് പൊലീസ് ഉദ്യോഗസ്ഥര്‍ എത്തിയാണ് തജീന്ദർ ബഗ്ഗയെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്. കെജ്രിവാളിനെ വെറുതെ വിടില്ലെന്ന ട്വീറ്റിൻറെ അടിസ്ഥാനത്തിൽ വിദ്വേഷം, മതവൈരം, ഭീഷണി തുടങ്ങിയ വകുപ്പുകൾ ചുമത്തിയായിരുന്നു അറസ്റ്റ്. എന്നാല്‍ മകനെ തട്ടിക്കൊണ്ട് പോയെന്ന തജീന്ദർ ബഗ്ഗയുടെ പിതാവ് പിന്നാലെ പരാതി നൽകി. ഈ പരാതിയിൽ ദില്ലി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കാര്യങ്ങള്‍ അവിടെയും അവസാനിച്ചില്ല.
മൊഹാലിയിലേക്കുള്ള യാത്രാ മധ്യേ കുരുക്ഷേത്രയിലെത്തിയ പഞ്ചാബ് പൊലീസിനെ നാടകീയമായി ഹരിയാന പൊലീസ് തടഞ്ഞു. നിയമപ്രകാരമുള്ള അറസ്റ്റാണെന്നും തട്ടിക്കൊണ്ട് പോകുകയല്ലെന്നുമുള്ള പഞ്ചാബ് പൊലീസിന്‍റെ വാദം ഹരിയാന പൊലീസ് മുഖവിലക്കെടുത്തില്ല. ദില്ലിയില്‍ നിന്നുള്ള പൊലീസ് സംഘം ഉച്ചയോടെ കുരുക്ഷേത്രയിലെത്തി ബിജെപി നേതാവിനെ കസ്റ്റഡിയില്‍ നിന്ന് മോചിപ്പിച്ചു. വിജയം ചിഹ്നം കാണിച്ചാണ് തജ്ജിന്ദർ ബഗ്ഗ ദില്ലി പൊലീസിനൊപ്പം പോയത്.
നടപടി ക്രമങ്ങള്‍ പാലിച്ചല്ല പഞ്ചാബ് പൊലീസ് തജ്ജിന്ദർ ബഗ്ഗയെ കൊണ്ടുപോയതെന്നാണ് ദില്ലി പൊലീസിന്‍റെ ആരോപണം. എന്നാല്‍ ചട്ടം പാലിച്ചാണ് അറസ്റ്റെന്നും ഉദ്യോഗസ്ഥർ ദില്ലി ജനക്പുരി സ്റ്റേഷനിലെത്തി അറസ്റ്റ് വിവരം അറിയിച്ചതായും പഞ്ചാബ് പൊലീസ് പറഞ്ഞു. ഇതിനിടെ ബഗ്ഗയെ ദില്ലിയിലേക്ക് കൊണ്ടുപോകുന്നതിനെതിരെ പഞ്ചാബ് പൊലീസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇത് തടഞ്ഞില്ല.
