Asianet News MalayalamAsianet News Malayalam

മൂസെവാലയുടെ കൊലയാളികള്‍ സല്‍മാന്‍ ഖാനെയും ലക്ഷ്യമിട്ടു, മുംബൈയില്‍ തങ്ങിയത് ദിവസങ്ങളോളം, വെളിപ്പെടുത്തല്‍

കാനഡ കേന്ദ്രീകരിച്ചുള്ള ഗുണ്ടാ നേതാവ് ഗോൾഡീ ബ്രാർ ആണ് ക്വട്ടേഷന്‍ നൽകിയത്. 

Punjab Police said that Sidhu Moose Walas killers planned to kill Salman Khan too
Author
First Published Sep 11, 2022, 3:45 PM IST

ദില്ലി:പഞ്ചാബിൽ വെടിയേറ്റ മരിച്ച ഗായകൻ സിദ്ദൂ മൂസെവാലയുടെ കൊലയാളികള്‍ ബോളിവുഡ് നടന്‍ സൽമാൻ ഖാനെയും വധിക്കാന്‍ പദ്ധതിയിട്ടെന്ന് പഞ്ചാബ് പൊലീസ്. കേസിൽ പിടിയിലായ കപിൽ പണ്ഡിറ്റ് ആണ് ഇക്കാര്യങ്ങൾ ചോദ്യം ചെയ്യലിൽ പൊലീസിനോട് വെളിപ്പെടുത്തിയത്. മുംബൈയിൽ ദിവസങ്ങളോളം കഴിഞ്ഞ സംഘാംഗങ്ങൾ സൽമാൻ്റെ വീടും പരിസരവും നിരീക്ഷിച്ചിരുന്നു. കാനഡ കേന്ദ്രീകരിച്ചുള്ള ഗുണ്ടാ നേതാവ് ഗോൾഡീ ബ്രാർ ആണ് ക്വട്ടേഷന്‍ നൽകിയത്. 

അഞ്ജാതരില്‍ നിന്ന് വധഭീഷണി ഉയര്‍ന്നതിന്‍റെ പശ്ചാത്തലത്തില്‍ സൽമാൻ ഖാന് തോക്ക് ഉപയോ​ഗിക്കാനുള്ള ലൈസൻസ് മുംബൈ പൊലീസ് അനുവദിച്ചിരുന്നു. ഒരു തോക്ക് കൈവശം വെയ്ക്കാനുള്ള അനുമതിയാണ് സല്‍മാനുള്ളത്. വധ ഭീഷണിയെ തുടർന്ന് സൽമാൻ ജൂലൈ 22 ന് പൊലീസ് കമ്മീഷണർ വിവേക് ഫൻസാൽകറെ കാണുകയും ലൈസൻസിന് അപേക്ഷിക്കുകയും ചെയ്തിരുന്നു. സിദ്ധു മൂസെവാല അജ്ഞാതരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സൽമാൻ ഖാനും പിതാവിനും നേരെ വധഭീഷണി ഉയർന്നത്.  മൂസെവാലയുടെ ​ഗതി നിങ്ങൾക്കമുണ്ടാവും എന്നായിരുന്നു സല്‍മാന്‍ ഖാന് നേരെ ഉയര്‍ന്ന ഭീഷണി. 

ഗായകനും കോണ്‍ഗ്രസ് നേതാവുമായ ശുഭ്ദീപ് സിംഗ് സിദ്ധു എന്ന സിദ്ധു മൂസെവാല മെയ് 29നാണ് കൊല്ലപ്പെട്ടത്. പഞ്ചാബ് പൊലീസ് സുരക്ഷ പിൻവലിച്ചതിന് പിന്നാലെയായിരുന്നു സംഭവം. സുഹൃത്തുക്കൾക്കൊപ്പം കാറിൽ സഞ്ചരിക്കവേ അക്രമികൾ അദ്ദേഹത്തിന് നേർക്ക് നിറയൊഴിക്കുകയായിരുന്നു. മൂസൈവാലയുടെ ശരീരത്തിൽ നിന്ന് 24 വെടിയുണ്ടകളാണ് കണ്ടെടുത്തത്. അതേസമയം മൂസെവാലയുടെ കൊലപാതകം തന്‍റെ സംഘമാണ് ആസൂത്രണം ചെയ്തതെന്നും എന്നാല്‍ തനിക്ക് അതില്‍ നേരിട്ട് പങ്കില്ലെന്നുമായിരുന്നു ജയിലില്‍ കഴിയുന്ന ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്ണോയ്‍യുടെ മൊഴി.

Read Also : Salman Khan : വധഭീഷണി; സൽമാൻ ഖാന് തോക്ക് ലൈസൻസ് ലഭിച്ചു

Follow Us:
Download App:
  • android
  • ios