Asianet News MalayalamAsianet News Malayalam

സത്‍ലജ്-യമുന കനാൽ നിർമ്മാണം പൂർത്തിയായാൽ പഞ്ചാബ് കത്തും; ദേശീയസുരക്ഷയെ ബാധിക്കുമെന്ന് അമരീന്ദർ സിം​ഗ്

എസ്‍വൈഎൽ കനാൽ നിർമ്മാണം പൂർത്തീകരണവുമായി ബന്ധപ്പെട്ട സുപ്രീം കോടതി ഉത്തരവിനെ തുടർന്നാണ് മുഖ്യമന്ത്രിമാർ തമ്മിൽ കൂ
ടിക്കാഴ്ച നടത്തിയത്.

punjab will burn if Sutlej-Yamuna canal is built
Author
Punjab, First Published Aug 19, 2020, 4:21 PM IST

ഛണ്ഡീഗഢ്: സത്‍ലജ്-യമുന കനാൽ പദ്ധതി പൂർത്തിയാക്കി ഹരിയാനയുമായി ജലം പങ്കിടേണ്ട സാഹചര്യമുണ്ടായാൽ പഞ്ചാബ് കത്തുമെന്ന് 
കേന്ദ്രത്തോട് മുഖ്യമന്ത്രി അമരീന്ദർ സിം​ഗ്. രാജ്യത്തിന്റെ ദേശീയ സുരക്ഷയെ ബാധിക്കുന്ന പ്രതിസന്ധിയായി വിഷയത്തെ പരി​ഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാ‍ൽ ഘട്ടർ, കേന്ദ്രമന്ത്രി ​ഗജേന്ദ്ര സിം​ഗ് ഷെഖാവത്ത് എന്നിവർ ഉൾപ്പെടെയുള്ള വീഡിയോ കൂടിക്കാഴ്ചയിലാണ് അമരീന്ദർസിം​ഗ് ഇപ്രകാരം പറഞ്ഞത്. 

'ദേശീയ സുരക്ഷയെ ബാധിക്കുന്ന പ്രശ്നമായി ഈ വിഷയത്തെ പരി​ഗണിക്കണം. എസ് വൈ എല്ലുമായി മുന്നോട്ട് പോകാനാണ് തീരുമാനമെങ്കിൽ പഞ്ചാബ് കത്തും. അത് ദേശീയ പ്രതിസന്ധിയായി മാറും. ഹരിയാനയും രാജസ്ഥനും അതിന്റെ പരിണത ഫലങ്ങൾ അനുഭവിക്കേണ്ടി വരും.' അമരീന്ദർ സിം​ഗ് പറഞ്ഞു. സുപ്രീം കോടതി നിർദ്ദേശത്തെ തുടർന്നാണ് ഇരു മുഖ്യമന്ത്രിമാരും കൂടിക്കാഴ്ച നടത്തിയത്. 

1966 ൽ പഞ്ചാബും ഹരിയാനയും നിലവിൽ വന്ന സമയം മുതൽ ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള ജലത്തർക്കം ആരംഭിച്ചിരുന്നു. 1975ൽ ഇന്ദിരാഗാന്ധി സർക്കാർ ഇരു സംസ്ഥാനങ്ങൾക്കുമായി ജലം പങ്കിടുന്നത് സുഗമമാക്കുന്നതിന് കനാൽ നിർമിക്കാൻ തീരുമാനിക്കുകയായിരുന്നു. 1982ൽ കനാലിന്റെ നിർമ്മാണം ആരംഭിച്ചു. എന്നാൽ ശിരോമണി അകാലിദൾ (എസ്എഡി) ഇതിനെതിരെ പ്രക്ഷോഭം നടത്തി. 

1985ൽ പ്രധാനമന്ത്രി രാജീവ് ഗാന്ധി എസ്എഡി മേധാവി ഹർചന്ദ് സിങ് ലോംഗോവാളിനെ കണ്ടു പുതിയ ട്രൈബ്യൂണലിനായി കരാർ ഒപ്പിട്ടു. കരാർ ഒപ്പിട്ട് ഒരു മാസത്തിനുള്ളിൽ തന്നെ ലോംഗോവലിനെ ഭീകരർ കൊലപ്പെടുത്തി. 1990 ൽ, കനാൽ നിർമാണവുമായി ബന്ധമുള്ള ചീഫ് എൻജിനീയർ എം‌.എൽ. ശേഖ്രി, സൂപ്രണ്ടിങ് എൻജിനീയർ അവ്താർ സിങ് ഔലഖ് എന്നിവരെയും ഭീകരർ കൊലപ്പെടുത്തി. 

എസ്‍വൈഎൽ കനാൽ നിർമ്മാണം പൂർത്തീകരണവുമായി ബന്ധപ്പെട്ട സുപ്രീം കോടതി ഉത്തരവിനെ തുടർന്നാണ് മുഖ്യമന്ത്രിമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. യോ​ഗത്തിൽ ജലലഭ്യതയെക്കുറിച്ച് സമയബന്ധിതമായി വിലയിരുത്തുന്നതിനുള്ള ട്രൈബ്യൂണലിനുള്ള ആവശ്യം അമരീന്ദർ സിം​ഗ് ആവശ്യപ്പെട്ടു. അതേ സമയം ഹരിയാനയുമായി പ്രശ്നം ചർച്ച ചെയ്യാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. 

'ഞങ്ങൾക്ക് വെള്ളമുണ്ടെങ്കിൽ അത് നൽകാൻ ഞാൻ എന്തിനാണ് വിസമ്മതിക്കുന്നത്' എന്ന് അമരീന്ദർ സിം​ഗ് ചോദിച്ചു. ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകൾക്കായി ഇരുസംസ്ഥാനങ്ങളും ചണ്ഡി​ഗണ്ഡിൽ കൂടിക്കാഴ്ച നടത്തുമെന്ന് ഹരിയാന മുഖ്യമന്ത്രി എംഎൽ ഘട്ടർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. 

Follow Us:
Download App:
  • android
  • ios