70ല്‍ 47 സീറ്റ് നേടി ബിജെപി ഭരണ തുടര്‍ച്ച നേടിയെങ്കിയും ഖാട്ടിമ മണ്ഡലത്തില്‍ ധാമി തോറ്റിരുന്നു. പാര്‍ട്ടിയുടെ വിജയ ശില്‍പികളിലൊരാളായ ധാമിയെ വീണ്ടും മുഖ്യമന്ത്രിയാക്കണമെന്ന് സംസ്ഥാന ഘടകത്തില്‍ ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു

ദില്ലി: പുഷ്കര്‍ സിംഗ് ധാമി (Pushkar Singh Dhami) വീണ്ടും ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയാകും (Chief Minister Of Uttarakhand). കേന്ദ്രമന്ത്രിമാരായ രാജ് നാഥ് സിംഗും (Rajnath Singh) മീനാക്ഷി ലേഖിയും പങ്കെടുത്ത നിയമസഭ കക്ഷിയോഗത്തിന് ശേഷം ധാമിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുകയായിരുന്നു. 70ല്‍ 47 സീറ്റ് നേടി ബിജെപി ഭരണ തുടര്‍ച്ച നേടിയെങ്കിയും ഖാട്ടിമ മണ്ഡലത്തില്‍ ധാമി തോറ്റിരുന്നു. പാര്‍ട്ടിയുടെ വിജയ ശില്‍പികളിലൊരാളായ ധാമിയെ വീണ്ടും മുഖ്യമന്ത്രിയാക്കണമെന്ന് സംസ്ഥാന ഘടകത്തില്‍ ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. ഇതംഗീകരിച്ചാണ് ബിജെപി കേന്ദ്ര നേതൃത്വം തീരുമാനമെടുത്തത്.

Scroll to load tweet…

Scroll to load tweet…

അതേസമയം ഗോവയിൽ പ്രമോദ് സാവന്ത് (Pramod Sawant) തന്നെയാകും മുഖ്യമന്ത്രി (Chief Minister Of Goa). ബിജെപി എംഎൽഎമാരുടെ യോഗത്തിന് ശേഷം കേന്ദ്ര നേതൃത്വം നിയോഗിച്ച നിരീക്ഷകനായ കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമറാണ് സാവന്തിന്‍റെ പേര് പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന വിശ്വജിത്ത് റാണെയാണ് പ്രമോദ് സാവന്ദിന്‍റെ പേര് നി‍ർദ്ദേശിച്ചതെന്നും ഐകഖണ്ഡമായി അംഗീകരിച്ചെന്നും തോമർ പറഞ്ഞു. പിന്നാലെ രാജ്ഭവനിൽ എത്തി പ്രമോദ് സാവന്ദ് സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിക്കുകയും ചെയ്തു. സ്വതന്ത്രരടക്കം പിന്തുണയ്ക്കുന്ന 24 എംഎൽഎമാരെയും ഒപ്പം കൂട്ടിയാണ് സാവന്ദ് രാജ്ഭവനിലെത്തിയത്. സത്യപ്രതിഞ്ജ ബുധനാഴ്ച നടന്നേക്കും.

Scroll to load tweet…

അതേസമയം ഇന്നലെ മണിപ്പൂർ (Manipur )മുഖ്യമന്ത്രിയായി എൻ ബിരേൻ സിങ് (N Biren Singh) സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇത് രണ്ടാം തവണയാണ് ബിരേൻ സിങ് മുഖ്യമന്ത്രിയാകുന്നത്. ബിജെപി ​ദേശീയ അധ്യക്ഷൻ ജെ പി നദ്ദ അടക്കമുള്ള നേതാക്കൾ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. ബിരേൻ സിങ്ങിനെ ഐകകണ്ഠ്യേനയാണ് ബിജെപി മുഖ്യമന്ത്രി പദത്തിലേക്ക് തെരഞ്ഞെടുത്തത്. മണിപ്പൂരിൽ ബി ജെ പി വ്യക്തമായ ആധിപത്യം നേടിയിരുന്നെങ്കിലും മുഖ്യമന്ത്രി ആരെന്നുള്ള തീരുമാനം വൈകുകയായിരുന്നു. ബിരേൻ സിം​​ഗും മുതിർന്ന എം എൽ എ ബിശ്വജിത് സിം​ഗും തമ്മിലുള്ള തർക്കമായിരുന്നു കാരണം. കേന്ദ്ര നിരീക്ഷകരിൽ ഒരാളായ നിർമല സീതാരാമൻ തീരുമാനം പ്രഖ്യാപിച്ചതോടെയാണ് അനിശ്ചിതത്വം അവസാനിച്ചത്.

Scroll to load tweet…

തെരഞ്ഞെടുപ്പ് പ്രവചനങ്ങൾ ശരിവച്ചാണ് മണിപ്പൂരിൽ ബിജെപി ഭരണത്തുടർച്ചയുറപ്പിച്ചത്. തുടർച്ചയായി രണ്ടാം തവണയും മണിപ്പൂരിൽ ബിജെപി തന്നെ സർക്കാർ രൂപീകരിക്കുകയായിരുന്നു. മുപ്പത്തിയൊന്ന് സീറ്റ് നേടിയാണ് ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായത്. ഒൻപത് സീറ്റുകൾ നേടി എൻപിപി വലിയ മുന്നേറ്റമാണ് കാഴ്ച്ചവെച്ചത്. മണിപ്പൂരിൽ ഉറച്ച വേരുകളുണ്ടായിരുന്ന കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടെന്നതും ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ശ്രദ്ധേയമായി.