നിലവില്‍ കേവല ഭൂരപക്ഷത്തേക്കാള്‍ ഒരു സീറ്റ് മാത്രം അധികമുള്ള ബി ജെ പിയെ സംബന്ധിച്ചടുത്തോളം ധൻപ്പൂരിലും ബോക്സാനഗറിലും അഗ്നി പരീക്ഷയാണ്

ദില്ലി: പുതുപ്പള്ളിയടക്കം രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലായി ഏഴ് നിയമസഭ മണ്ഡലങ്ങളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്. കേരളത്തിലെ പുതുപ്പള്ളിക്ക് പുറമെ ത്രിപുര, പശ്ചിമബംഗാൾ, ഉത്തർപ്രദേശ് , ഉത്തരാഖണ്ഡ്, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ ത്രിപുരയിലെ 2 മണ്ഡലങ്ങളിലെയും യു പിയിലെ ഘോസിയിലെ തെരഞ്ഞെടുപ്പും 'ഇന്ത്യ' മുന്നണിയെയും ബി ജെ പിയെയും സംബന്ധിച്ച് ഏറെ നിർണായകമാണ്. നിലവില്‍ കേവല ഭൂരപക്ഷത്തേക്കാള്‍ ഒരു സീറ്റ് മാത്രം അധികമുള്ള ബി ജെ പിയെ സംബന്ധിച്ചടുത്തോളം ധൻപ്പൂരിലും ബോക്സാനഗറിലും അഗ്നി പരീക്ഷയാണ്. രണ്ട് സീറ്റിലും പരാജയപ്പെടുന്ന അവസ്ഥയുണ്ടായാൽ കേവല ഭൂരിപക്ഷത്തെ ബാധിക്കുമെന്നതിനാൽ കരുതലോടെയാണ് ബി ജെ പി നീക്കം. പുതുപ്പള്ളിക്കൊപ്പം വെള്ളിയാഴ്ചയാണ് എല്ലായിടത്തും വോട്ടെണ്ണല്‍ നടക്കുക.

ത്രിപുരയിലെ വിധി! ബിജെപിക്ക് നിർണായകം, കേവല ഭൂരിപക്ഷത്തിൽ സിപിഎം വെല്ലുവിളി; യുപിയിൽ 'ഇന്ത്യ' പോരാട്ടം

ഉമ്മൻ ചാണ്ടിയുടെ പകരക്കാരനാര്?

ഉമ്മൻ ചാണ്ടിക്ക് പകരക്കാരനെ തെരഞ്ഞെടുക്കുക എന്ന ദൗത്യമാണ് അര നൂറ്റാണ്ടിന് ശേഷം പുതുപ്പള്ളി ജനതക്ക് മുന്നിലുള്ളത്. രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് ആറു മണി വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. ഉമ്മൻ ചാണ്ടിയുടെ പകരക്കാരനാകാനായി യു ഡി എഫ് അവതരിപ്പിച്ചത് മകൻ ചാണ്ടി ഉമ്മനെയായിരുന്നു. കഴിഞ്ഞ തവണ ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം ഒമ്പതിനായിരത്തിലേക്ക് കടിഞ്ഞാണിട്ട ജെയ്ക്ക് സി തോമസാണ് ഇക്കുറിയും എൽ ഡി എഫിനായി കളം പിടിക്കാൻ എത്തിയത്. ബി ജെ പി സ്ഥാനാർത്ഥി ലിജിന്‍ ലാല്‍ അടക്കം മൊത്തം ഏഴ് സ്ഥാനാര്‍ഥികളാണ് പുതുപ്പള്ളിയിൽ ഇക്കുറി ജനവിധി തേടുന്നത്. 90,281 സ്ത്രീകളും 86,132 പുരുഷന്മാരും നാല് ട്രാന്‍സ്ജെന്‍ഡറുകളും അടക്കം 1,76,417 വോട്ടര്‍മാരാണ് പുതുപ്പള്ളിയുടെ വിധി ഇക്കുറി തീരുമാനിക്കുക.

ഏറെ നി‍ർണായകം ത്രിപുര

ത്രിപുരയില്‍ രണ്ട് ഇടങ്ങളില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പ് ബി ജെ പിക്കും 'ഇന്ത്യ' മുന്നണിക്കും ഏറെ നിർണായകമാണ്. ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ട സി പി എം - കോണ്‍ഗ്രസ് ഐക്യമുന്നണിയാണ് ഉപതെരഞ്ഞെടുപ്പിലും ബി ജെ പിയെ നേരിടുന്നത്. കേന്ദ്ര മന്ത്രി പ്രതിമ ഭൗമിക്ക് നിയമസഭാ അംഗത്വം രാജിവെച്ചതിനെ തുടര്‍ന്നാണ് ത്രിപുരയിലെ ധൻപ്പൂരില്‍ ഉപതെര‍ഞ്ഞെടുപ്പ് നടക്കുന്നത്. പ്രതിമ ഭൗമിക്കിനെതിരെ മത്സരിച്ച കൗശിക് ചന്ദയാണ് ഉപതെരഞ്ഞെടുപ്പിലും സി പി എം സ്ഥാനാര്‍ത്ഥി. ത്രിപുരയിലെ ബോക്സാനഗറില്‍ സി പി എമ്മിന്‍റെ എം എം എൽ എ ആയിരുന്ന ഷംസുല്‍ ഹഖ് അന്തരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഇവിടെ ഷംസുല്‍ ഹഖിന്‍റെ മകൻ മിയാന്‍ ഹുസൈനാണ് സി പി എം സ്ഥാനാർത്ഥി. ബോക്സനഗറിലും ധൻപ്പൂരിലും സി പി എം സ്ഥാനാർത്ഥികള്‍ക്ക് കോണ്‍ഗ്രസ് പിന്തുണയുണ്ട്. നിലവില്‍ കേവല ഭൂരപക്ഷത്തേക്കാള്‍ ഒരു സീറ്റ് മാത്രം അധികമുള്ള ബി ജെ പി ധൻപ്പൂരിലും ബോക്സാനഗറിലും വലിയ പ്രചരണം ആണ് നടത്തിയത്. മുസ്ലീം ഭൂരിപക്ഷ മണ്ഡലമായ ബോക്സാനഗറില്‍ തഫാ‍ജല്‍ ഹുസൈനാണ് ബി ജെ പി സ്ഥാനാര്‍ത്ഥി. രണ്ട് സീറ്റിലും പരാജയപ്പെടുന്ന അവസ്ഥയുണ്ടായാൽ കേവല ഭൂരിപക്ഷത്തെ ബാധിക്കുമെന്നതിനാൽ കരുതലോടെയാണ് ബി ജെ പി നീക്കം.

ബംഗാളിൽ 'ഇന്ത്യ' ഒന്നിച്ചല്ല

പശ്ചിമബംഗാളിലെ ദുപ്‍ഗുഡിയിൽ തൃണമൂൽ കോൺഗ്രസും ബി ജെ പിയും സി പി എം കോൺഗ്രസ് സഖ്യവും തമ്മില്‍ ത്രികോണ മത്സരമാണ് നടക്കുന്നത്. ബി ജെ പിയുടെ എം എല്‍ എ മരിച്ചതിനെ തുടര്‍ന്ന് നടക്കുന്ന ഉപതെര‍ഞ്ഞെടുപ്പില്‍ ടി എം സി നേതാവും മുന്‍ ദുപ്‍ഗുരി എം എല്‍ എയുമായ മിതാലി റോയി ബി ജെ പിയില്‍ ചേർന്നത് തൃണമൂല്‍ കോണ്‍ഗ്രസിന് തിരിച്ചടിയായിരുന്നു. വിജയിച്ച് മറുപടി നൽകാമെന്ന പ്രതീക്ഷയിലാണ് തൃണമൂൽ.

ഇന്ത്യ മുന്നണിയുടെ യഥാർത്ഥ കരുത്ത് പരീക്ഷിക്കുന്നതാകും ഉത്തർപ്രദേശ് ഘോസിയിലെ തെരഞ്ഞെടുപ്പ്. സമാജ്‍വാദി പാര്‍ട്ടി എം എല്‍ എ ധാര സിങ് ചൗഹാൻ സ്ഥാനം രാജിവെച്ച് ബി ജെ പിയില്‍ ചേർന്നതാണ് ഇവിടെ ഉപതെരഞ്ഞെടുപ്പിന് കാരണമായത്. ഉപതെരഞ്ഞെടുപ്പില്‍ ധാര സിങ് ചൗഹാൻ ബി ജെ പി സ്ഥാനാർത്ഥിയാകുമ്പോള്‍ 'ഇന്ത്യ' മുന്നണിയിലെ കോണ്‍ഗ്രസ് ഇടത് ആം ആദ്മിപാര്‍ട്ടികളുടെ പിന്തുണയിലാണ് സമാജ്‍വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ നിർത്തിയിരിക്കുന്നത്. ജാർഖണ്ഡ് , ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ ഓരോ മണ്ഡലങ്ങളിലും ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. വെള്ളിയാഴ്ചയാണ് എല്ലായിടത്തും വോട്ടെണ്ണല്‍ നടക്കുക.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം