Asianet News MalayalamAsianet News Malayalam

നിതീഷ് കുമാര്‍ മഹാസഖ്യത്തിലേക്ക് തിരിച്ചുവരുന്നതില്‍ എതിര്‍പ്പില്ല; റാബ്റി ദേവി

പുതിയ എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരണ കാലത്ത് ജെഡിയു 3 മന്ത്രിസ്ഥാനമാണ് കേന്ദ്രമന്ത്രി സഭയില്‍ ആവശ്യപ്പെട്ടതെങ്കിലും ഒന്ന് തരാം എന്നാണ് ബിജെപി സമ്മതിച്ചത്.

Rabri Devi says that if nitish kumar Returns no objection
Author
Patna, First Published Jun 4, 2019, 5:16 PM IST

ദില്ലി: ബീഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാര്‍ ബിജെപി സഖ്യം ഉപേക്ഷിച്ച് തിരിച്ചുവന്നാല്‍ സ്വീകരിക്കുമെന്ന് ആര്‍ജെഡി നേതാവ് റാബ്റി ദേവി.  നിതീഷ് കുമാര്‍  മഹാസഖ്യത്തിന്‍റെ ഭാഗമാകുന്നതില്‍ എതിര്‍പ്പില്ലെന്നാണ് റാബ്റി ദേവി പറഞ്ഞത്. അതേസമയം നിതീഷ് കുമാറിനെ മഹാസഖ്യത്തിലേക്ക് സ്വീകരിക്കണമോയെന്ന് ആര്‍ജെഡിയിലെ മുതിര്‍ന്ന നേതാക്കള്‍ തീരുമാനിക്കുമെന്നും റാബ്റി ദേവി പറഞ്ഞു. 

നിതീഷ് കുമാറിനെ സ്വീകരിക്കണമെന്ന് മുന്‍ കേന്ദ്ര മന്ത്രിയും ആര്‍ജെഡി നേതാവുമായ രഘുവനാഷ് പ്രസാദ് സിംഗും ആവശ്യപ്പെട്ടു. ബിജെപിക്ക് എതിരെ എല്ലാവരും ഒന്നിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലോക്‍സഭാ തെരഞ്ഞെടുപ്പില്‍ ബീഹാറില്‍ ആകെയുള്ള 40 സീറ്റുകളില്‍ 39 ഉം ബിജെപി ജെഡിയു സഖ്യം നേടിയിരുന്നു.

എന്നാല്‍ പുതിയ എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരണ കാലത്ത് ജെഡിയു 3 മന്ത്രിസ്ഥാനം കേന്ദ്രമന്ത്രി സഭയില്‍ ആവശ്യപ്പെട്ടെങ്കിലും ഒന്ന് തരാം എന്നാണ് ബിജെപി സമ്മതിച്ചത്. ഇതിനെതുടര്‍ന്ന് മെയ് 30ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒപ്പം ജെഡിയുവില്‍ നിന്നും ആരും മന്ത്രിയായില്ല. 

മോദി മന്ത്രിസഭയില്‍ ജെഡിയുവിന് വേണ്ട പരിഗണന ലഭിക്കാത്തതില്‍ നിതീഷ് കുമാര്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.ബീഹാറില്‍ എന്‍ഡിഎ നേടിയ വിജയം ബീഹാറിലെ ജനങ്ങളുടെ വിജയമാണ്. ഏതെങ്കിലും വ്യക്തിയുടെ പേരിലല്ല ജനം എന്‍ഡിഎയ്ക്ക് വോട്ട് ചെയ്തതെന്നും നിതീഷ് കുമാര്‍ പിന്നാലെ പറഞ്ഞിരുന്നു. കൂടാതെ  ബിജെപി നേതാക്കള്‍ക്ക് പ്രാതിനിധ്യം നല്‍കാതെ എട്ട് ജെഡിയു  നേതാക്കളെ മാത്രം ഉള്‍പ്പെടുത്തി നിതീഷ് കുമാര്‍ മന്ത്രിസഭ വിപുലീകരിച്ചതോടെ ബിജെപിയുമായി നിതീഷ് കുമാര്‍ അകലുകയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് വരുന്നത്. 

Follow Us:
Download App:
  • android
  • ios