ദില്ലി: റഫാൽ ഇടപാടിൽ കേന്ദ്രസർക്കാരിന് ക്ലീൻ ചിറ്റ് നൽകിയത് പുനപരിശോധിക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളിയതിന് പിന്നാലെ റഫാൽ ഇടപാടിനെക്കുറിച്ച് സംയുക്ത പാർലമെന്‍ററി കമ്മിറ്റി അന്വേഷിക്കണമെന്ന് രാഹുൽ ഗാന്ധി. ജസ്റ്റിസ് കെ.എം ജോസഫ് വിയോജിച്ച് വിധിയെഴുതിയത് വലിയ അന്വേഷണ സാധ്യതയിലേക്കാണ് വഴിതുറക്കുന്നതെന്നും രാഹുൽ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. 

 

റഫാൽ ഇടപാടിൽ പുനപരിശോധനാ ഹർജി തള്ളിയ സുപ്രീംകോടതി വിധി ആഘോഷിക്കുന്നത് നിര്‍ത്തിവെച്ച്  ഗൗരവമുള്ള ഒരു അന്വേഷണത്തെ നേരിടാൻ ബിജെപി തയ്യാറാണോയെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജെവാലയും ചോദിച്ചു. 'കോൺഗ്രസ് ഉന്നയിച്ച ചോദ്യങ്ങൾക്ക് ഉത്തരം കിട്ടിയിട്ടില്ല. അന്വേഷണത്തിന് തടസമാകരുത് വിധിയെന്ന് കോടതി പറയുമ്പോൾ പുനരന്വേഷണത്തിന് സാധ്യതയുണ്ട്'- സുർജേവാല കൂട്ടിച്ചേര്‍ത്തു. 

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്കെതിരെ കോണ്‍ഗ്രസ് ഉയര്‍ത്തിയ ശക്തമായ ആയുധമായിരുന്നു റഫാല്‍ ഇടപാട്. ബൊഫോഴ്സ് ആരോപണത്തിലൂടെ ക്രൂശിച്ച ബിജെപിക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. കരാറിന്‍റെ വിശദാംശങ്ങള്‍ പുറത്തുവിടാനാവശ്യപ്പെട്ട് സര്‍ക്കാരിനെയും ബിജെപിയെയും മുള്‍മുനയില്‍ നിര്‍ത്തി.  എന്നാല്‍ റഫാലില്‍ അഴിമതിയില്ലെന്ന് സുപ്രീംകോടതി വിധിച്ചതോടെ ആരോപണങ്ങളുടെ  മുനയൊടിഞ്ഞു. ഒടുവില്‍ പുനപരിശോധന ഹര്‍ജികള്‍ തള്ളിയതിന് പുറമെ രാഹുല്‍ഗാന്ധിയെ സുപ്രീം കോടതി വിമര്‍ശിക്കുക കൂടി ചെയ്തതോടെ തിരിച്ചടിയുടെ ആഘാതം ഇരട്ടിയായി. അഴിമതിയില്‍  ഉന്നയിക്കപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി കിട്ടിയിട്ടില്ലെന്നും സംയുക്ത പാര്‍ലമെന്‍ററി കമ്മിറ്റി അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് പ്രതിരോധം തീര്‍ക്കാനാണ് കോണ്‍ഗ്രസിന്‍റെ ശ്രമം.

റഫാൽ ഹര്‍ജികള്‍ തള്ളി; ഇരിക്കുന്ന സ്ഥാനം ഓര്‍ക്കണമെന്ന് രാഹുൽ ഗാന്ധിയോട് സുപ്രീം കോടതി...

റഫാൽ ഇടപാടിൽ കേന്ദ്രസർക്കാരിന് ക്ലീൻ ചിറ്റ് നൽകിയത് പുനപരിശോധിക്കണമെന്ന ഹർജി സുപ്രീംകോടതി ഇന്ന് തള്ളുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബർ 14 ന് റഫാൽ കേസിൽ പുനരന്വേഷണം നടത്താൻ വിസമ്മതിച്ചു കൊണ്ടുവന്ന വിധിക്കെതിരെ സമർപ്പിക്കപ്പെട്ട റിവ്യൂ പെറ്റീഷനിലാണ് ഇന്ന് അന്തിമവിധി വന്നത്. രഞ്ജൻ ഗൊഗോയ്, എസ്‌ കെ കൗൾ, കെ എം ജോസഫ് എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്. 

റിവ്യു ഹ‍ര്‍ജികളിൽ പുന:പരിശോധനക്ക് ആവശ്യമായ ഒന്നുമില്ലെന്നും അതിനാൽ തന്നെ ആവശ്യം തള്ളുകയാണെന്നുമാണ് റഫാൽ റിവ്യു ഹ‍ര്‍ജിയിലെ വിധിയിൽ പറയുന്നത്.റഫാൽ ഇടപാടിൽ അന്വേഷണം വേണമെന്ന ആവശ്യം തള്ളിയ കോടതി വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രശാന്ത് ഭൂഷൺ ഉൾപ്പടെയുള്ള ഹർജിക്കാർ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. സിഎജി റിപ്പോർട്ട് പാർലമെന്‍റ് ചർച്ച ചെയ്തു എന്ന വിധിയിലെ പരാമർശം തിരുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാരും സുപ്രീംകോടതിയിൽ എത്തിയിരുന്നു. സർക്കാർ ഇടപാടിനെക്കുറിച്ചുള്ള വസ്തുതകൾ കോടതിയിൽ നിന്ന് മറച്ചു വച്ചു എന്ന് ഹർജിക്കാർ ആരോപിച്ചു.