ദില്ലി: രാജ്യത്തിന്റെ സുരക്ഷക്ക് സമാനമായി മറ്റൊന്നുമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. റഫാൽ വിമാനങ്ങൾക്ക് ഇന്ത്യയിൽ ഒരുക്കിയ ഹൃദ്യമായ വരവേൽപിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അഞ്ച് റഫാൽ വിമാനങ്ങൾ വൈകിട്ട് മൂന്ന് മണിയോടെ അംബാലയിലെ  വ്യോമസേന താവളത്തിലിറങ്ങി. ഇത് രാജ്യത്തിന്റെ ചരിത്രത്തിലെ പ്രധാന നാഴികകല്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് വിശേഷിപ്പിച്ചു.

കീര്‍ത്തിയോടെ ആകാശം തൊടാനാകട്ടെ എന്നായിരുന്നു ഉച്ചയ്ക്ക് ഒരു മണിയോടെ ഇന്ത്യൻ സമുദ്രാതിര്‍ത്തിയിൽ എത്തിയ റഫാൽ യുദ്ധവിമാനങ്ങളെ സ്വാഗതം ചെയ്ത് നാവിക സേനയുടെ യുദ്ധകപ്പൽ ഐഎൻഎസ് കൊൽക്കത്ത നൽകിയ സന്ദേശം. ഫ്രാൻസിൽ നിന്ന് തിങ്കളാഴ്ച യുഎഇയിലെ ഫ്രഞ്ച് താവളത്തിലെത്തിയ റഫാൽ വിമാനങ്ങൾ ഇന്ത്യൻ സമയം പതിനൊന്നരക്ക് ഹരിയാനയിലെ അംബാലയിലേക്ക് തിരിച്ചു.

ഇന്ത്യയുടെ ആകാശത്ത് രണ്ട് സുഖോയ് യുദ്ധവിമാനങ്ങൾ റഫാലുകൾക്ക് അകമ്പടിയായി. മൂന്നുമണിയോടെ അംബാലയിലെ വ്യോമസേന താവളത്തിൽ അഞ്ച് വിമാനങ്ങളും ഇറങ്ങി. ജലാഭിവാദ്യം നൽകി വ്യോമസേന റഫാലുകളെ സ്വീകരിച്ചു. വിമാനങ്ങൾ ഇറങ്ങിയ വിവരം പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ട്വിറ്ററിൽ
അറിയിച്ചു. ഇന്ത്യൻ സൈനിക ചരിത്രത്തിലെ പുതിയ യുഗത്തിന് തുടക്കമെന്നും രാജ്നാഥ് സിംഗ് കുറിച്ചു. രാജ്യരക്ഷയെ പോലെ ഒന്നുമില്ലെന്ന സംസ്കൃത
ശ്ളോകത്തിലൂടെയാണ് പ്രധാനമന്ത്രി പ്രതികരിച്ചത്.

മലയാളിയായ ഗ്രൂപ്പ് ക്യാപ്റ്റൻ വിവേക് വിക്രം ഉൾപ്പടെ ഏഴംഗ വ്യോമസേന സംഘമാണ് ഫ്രാൻസിൽ നിന്ന് റഫാലുകൾ ഇന്ത്യയിൽ എത്തിച്ചത്. മൂന്ന് അത്യാധുനിക മിസൈലുകളുടെ കരുത്തോടെ ഒരുമാസത്തിനുള്ളിൽ റഫാൽ വ്യോമസേനയുടെ ഭാഗമാകും.