ദില്ലി: റഫാൽ പുനഃപരിശോധനാ ഹർജികളിൽ മറുപടി സത്യവാങ്മൂലം നൽകാൻ കൂടുതൽ സമയം വേണമെന്ന കേന്ദ്രസർക്കാരിന്‍റെ ആവശ്യം സുപ്രീംകോടതി തള്ളി. മറുപടി നൽകാൻ നാലാഴ്ച സമയം വേണമെന്ന് അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ ആവശ്യപ്പെട്ടെങ്കിലും നാല് ദിവസമേ തരാനാകൂ എന്നായിരുന്നു സുപ്രീംകോടതിയുടെ മറുപടി. വരുന്ന ശനിയാഴ്ച, അതായത്, മെയ് 4-നകം സത്യവാങ്മൂലം നൽകാൻ ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ച് നിർദേശിച്ചു. കേസ് ഇനി മെയ് 6-ന് പരിഗണിക്കും. 

ഏപ്രിൽ 10-ന് കേന്ദ്രസർക്കാരിന്‍റെ എതിർപ്പുകൾ അവഗണിച്ച് റഫാൽ കേസിൽ പുതിയ രേഖകൾ പരിഗണിക്കാമെന്ന് സുപ്രീംകോടതി തീരുമാനിച്ചിരുന്നു. റഫാല്‍ രേഖകള്‍ക്ക് വിശേഷാധികാരമുണ്ടെന്നും, കേന്ദ്രസർക്കാരിന്‍റെ ഈ സ്വകാര്യ രേഖകൾ പുനഃപരിശോധനാ ഹര്‍ജികളില്‍ വാദം കേള്‍ക്കുമ്പോള്‍ പരിഗണിക്കരുതെന്നുമുളള കേന്ദ്രസര്‍ക്കാര്‍ വാദം സുപ്രീംകോടതി തള്ളി.

പ്രതിരോധമന്ത്രാലയത്തിൽ നിന്ന് 'ചോർന്ന' റഫാല്‍ രേഖകള്‍ പുനപരിശോധനാ ഹര്‍ജികള്‍ക്കൊപ്പം പരിഗണിക്കാനായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചത്. പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് മോഷ്ടിച്ച രേഖകളാണ് ഇതെന്നും രേഖകൾ പരിഗണിക്കരുതെന്നുമായിരുന്നു കേന്ദ്ര സര്‍ക്കാരിന്‍റെ വാദം.