രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട റഫാല്‍ ഇടപാടിലെ രേഖകള്‍ മോഷ്ടിക്കപ്പെടെന്നും ഗുരുതരമായ ഈ കൃത്യം ചെയ്തവരേയും രേഖകള്‍ പ്രസിദ്ധീകരിച്ച രണ്ട് പത്രങ്ങള്‍ക്കും ഇക്കാര്യം വെളിപ്പെടുത്തിയ ഒരു മുതിര്‍ന്ന അഭിഭാഷകനുമെതിരെ ക്രിമിനല്‍ നിയമപ്രകാരം കേസെടുക്കുമെന്നും അഡ്വക്കറ്റ് ജനറല്‍ സുപ്രീംകോടതിയില്‍ വാദിച്ചു. എജിയുടെ ഈ വാദത്തെ കേസ് പരിഗണിക്കുന്ന ബെഞ്ചിലെ അംഗമായ ജസ്റ്റിസ് കെഎം ജോസഫ് ചോദ്യം ചെയ്തതോടെ രൂക്ഷമായ വാക്കേറ്റമാണ് കോടതിയില്‍ നടന്നത്.

ദില്ലി: റഫാല്‍ കേസ് വാദത്തിനിടെ അഡ്വക്കറ്റ് ജനറല്‍ കെകെ വേണുഗോപാലും കേസ് പരിഗണിക്കുന്ന സുപ്രീംകോടതി ബെഞ്ചും തമ്മില്‍ രൂക്ഷമായ വാഗ്വാദം. റഫാലുമായി ബന്ധപ്പെട്ട രേഖകള്‍ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട അതീവരഹസ്യ രേഖകളാണെന്നും ഇവ പുറത്തു വിടുന്നത് രാജ്യസുരക്ഷയെ തന്നെബാധിക്കുന്ന വിഷയമാണെന്നും കേസില്‍ കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറല്‍ കെകെ വേണുഗോപാല്‍ കോടതിയില്‍ വാദിച്ചു. 

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട റഫാല്‍ ഇടപാടിലെ രേഖകള്‍ മോഷ്ടിക്കപ്പെടെന്നും ഗുരുതരമായ ഈ കൃത്യം ചെയ്തവരേയും രേഖകള്‍ പ്രസിദ്ധീകരിച്ച രണ്ട് പത്രങ്ങള്‍ക്കും ഇക്കാര്യം വെളിപ്പെടുത്തിയ ഒരു മുതിര്‍ന്ന അഭിഭാഷകനുമെതിരെ ക്രിമിനല്‍ നിയമപ്രകാരം കേസെടുക്കുമെന്നും അഡ്വക്കറ്റ് ജനറല്‍ സുപ്രീംകോടതിയില്‍ വാദിച്ചു. എജിയുടെ ഈ വാദത്തെ കേസ് പരിഗണിക്കുന്ന ബെഞ്ചിലെ അംഗമായ ജസ്റ്റിസ് കെഎം ജോസഫ് ചോദ്യം ചെയ്തതോടെ രൂക്ഷമായ വാക്കേറ്റമാണ് കോടതിയില്‍ നടന്നത്. 

അഴിമതി പോലെ ഗുരുതര കുറ്റം നടന്നെന്നു കരുതുക. അപ്പോൾ രാജ്യ സുരക്ഷയുടെ മറവിൽ അതിനെ മൂടിവയ്ക്കുമോയെന്നു ജസ്റ്റിസ് കെ എം ജോസഫ് ചോദിച്ചു. മോഷ്ടിച്ച രേഖകൾ പോലും പ്രസക്തമെങ്കിൽ പരിഗണിക്കാമെന്ന് കോടതി നിരവധി വിധികളിൽ പറഞ്ഞിട്ടുണ്ടെന്നു ജസ്റ്റിസ് കെഎം ജോസഫ് ചൂണ്ടിക്കാട്ടി. പുനപരിശോധന ഹർജിയിൽ അന്വേഷണ ആവശ്യം ഉന്നയിക്കപ്പെടുമ്പോൾ ദേശീയ സുരക്ഷ എന്ന വിഷയം ഉയരുന്നതെയില്ലെന്നും അദ്ദേഹം പറഞ്ഞു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയി അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് റഫാല്‍ കേസ് പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസിനെ കൂടാതെ ജസ്റ്റിസ് കെഎം ജോസഫ്, ജസ്റ്റിസ് എസ്.കെ കൗളും ബെഞ്ചിന്‍റെ ഭാഗമാണ്. 

റഫാൽ കേസിലെ സുപ്രീംകോടതി വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹ‍ർജികളാണ് കോടതി പരിഗണിച്ചത്. അഡ്വ. പ്രശാന്ത് ഭൂഷണടക്കമുള്ളവരാണ് റഫാൽ കേസിൽ പുതിയ രേഖകൾ പുറത്തു വന്നിട്ടുണ്ടെന്നും ഇത് പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോതിയെ സമീപിച്ചത്. കേന്ദ്രസർക്കാർ കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. 

എന്നാൽ പുതിയ രേഖകൾ പരിഗണിക്കാനാകില്ലെന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ആദ്യം വ്യക്തമാക്കിയത്. പഴയ രേഖകളുടെ അടിസ്ഥാനത്തിൽ വാദം പൂർത്തിയാക്കണമെന്ന് പ്രശാന്ത് ഭൂഷണോട് ആവശ്യപ്പെട്ടു. 

തുടർന്ന് കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. ചില ഉദ്യോഗസ്ഥരുടെ കൂടി പങ്കാളിത്തത്തോടെ മോഷ്ടിക്കപ്പെട്ട രേഖകളാണ് ദ് ഹിന്ദു ദിനപത്രത്തിൽ വന്നതെന്നാണ് എ ജി കെ കെ വേണുഗോപാൽ വാദിച്ചത്. മോഷ്ടിക്കപ്പെട്ട രേഖകൾ പ്രസിദ്ധീകരിച്ച ദിനപത്രം ഔദ്യോഗിക രഹസ്യനിയമപ്രകാരം കുറ്റമാണ് ചെയ്തത്. ദ് ഹിന്ദുവിനെതിരെ കേസെടുക്കണം. മാത്രമല്ല, പ്രതിരോധമന്ത്രിയുടെ മറുപടിക്കുറിപ്പില്ലാതെ തെറ്റിദ്ധരിപ്പിക്കും വിധം പകുതി മാത്രമാണ് പത്രത്തിൽ വന്നത്. ഇതും കുറ്റകരമാണ്. - കെ കെ വേണുഗോപാൽ ചൂണ്ടിക്കാട്ടി. 

രണ്ടു ദിനപത്രങ്ങൾക്ക് എതിരെയും ഒരു മുതിർന്ന അഭിഭാഷകന് എതിരെയും ക്രിമിനൽ നടപടിയെടുക്കുമെന്നാണ് കെ കെ വേണുഗോപാൽ ഇന്ന് സുപ്രീംകോടതിയെ അറിയിച്ചത്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട സുപ്രധാനരേഖകളാണ് മോഷണം പോയത്. ഇത് അതീവ ഗൗരവതരമാണെന്നും അന്വേഷണം നടക്കുകയാണെന്നും കെ കെ വേണുഗോപാൽ വ്യക്തമാക്കി. 

കോടതിയെ സ്വാധീനിക്കാനാണ് ഈ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചതെന്നും ഇത് കോടതിയലക്ഷ്യമാണെന്നും പ്രശാന്ത് ഭൂഷണടക്കമുള്ളവർക്കെതിരെ കേസെടുക്കണമെന്നും എ ജി കോടതിയോട് ആവശ്യപ്പെട്ടു. ഉച്ചയ്ക്ക് ശേഷം കേസിൽ വാദം തുടരും.

എന്തായിരുന്നു ദ്‍ ഹിന്ദുവിന്‍റെ റിപ്പോർട്ട്?

റഫാൽ ഇടപാടിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഫ്രഞ്ച് സർക്കാരുമായി സമാന്തര ചർച്ച നടത്തിയെന്ന് റിപ്പോർട്ട്. ഇതിൽ എതിർപ്പ് അറിയിച്ച പ്രതിരോധ വകുപ്പ് സമാന്തരചർച്ച ഒഴിവാക്കണമെന്ന് അറിയിച്ചു. 2015 നവംബറിൽ വഴിവിട്ട ഇടപാടിനെ എതിർത്ത് പ്രതിരോധ സെക്രട്ടറി മോഹൻ കുമാർ, പ്രതിരോധ മന്ത്രിക്ക് കത്തെഴുതിയിരുന്നു.

മുപ്പത്തിയാറ് റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് പ്രധാനമന്ത്രി ഫ്രാൻസിൽ പ്രഖ്യാപിച്ച ഉടനെയാണ് ഇരുരാജ്യങ്ങളും തമ്മില്‍ ഇക്കാര്യത്തില്‍ ച‌‌ർച്ചകൾ നടന്നത്. ഡെപ്യൂട്ടി എയർമാർഷലിന്‍റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമായിരുന്നു ഇന്ത്യയ്ക്ക് വേണ്ടി ഔദ്യോഗികമായി ചര്‍ച്ചകളില്‍ പ്രതിനിധീകരിച്ചത്. 

പിന്നീട് 2015 ഒക്ടോബർ 23 ന് ഫ്രഞ്ച് സംഘത്തലവൻ ജനറൽ സ്റ്റീഫൻ റെബ് എഴുതിയ കത്തിലാണ് പ്രധാനമന്ത്രിയുടെ ഓഫീസുമായും ഇടപാടിനെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്ന വിവരം പുറത്തു വരുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിലെ ജോയിന്‍റ് സെക്രട്ടറി ജാവേദ് അഷ്റഫും ഫ്രെഞ്ച് പ്രതിരോധ മന്ത്രിയുടെ ഡിപ്ലോമാറ്റിക് അഡ്വൈസർ ലൂയിസ് വാസിയുമായി നടത്തിയ ഫോൺ സംഭാഷണത്തെക്കുറിച്ച് സ്റ്റീഫന്‍ റെബിന്‍റെ കത്തില്‍ പരാമര്‍ശമുണ്ടായിരുന്നു. ഇതോടെയാണ് പ്രതിരോധ മന്ത്രാലയം അറിയാതെയും റഫാല്‍ ഇടപാടിനെക്കുറിച്ച് ചര്‍ച്ച നടക്കുന്നുണ്ടെന്ന വിവരം പ്രതിരോധവകുപ്പിലെ ഉദ്യോഗസ്ഥര്‍ അറിയുന്നത്. 

ജനറല്‍ റബ്ബിന്‍റെ കത്ത് അന്നത്തെ പ്രതിരോധ സെക്രട്ടറിയും മലയാളിയുമായ മോഹന്‍കുമാര്‍ കത്തിലൂടെ പ്രതിരോധമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. പ്രതിരോധ ഇടപാടുകളുടെ ചുമതല പ്രതിരോധ മന്ത്രാലയത്തിനാണെന്നിരിക്കേ സമാന്തരചര്‍ച്ചകള്‍ നടത്തുന്നത് വിപരീത ഫലം ചെയ്യുമെന്ന് മോഹന്‍കുമാര്‍ പരീക്കര്‍ക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു. 

എന്നാൽ ഇതിനെതിരെ പ്രതിരോധമന്ത്രി നിർമലാ സീതാരാമൻ രംഗത്തു വന്നു. മുൻ പ്രതിരോധമന്ത്രിയായിരുന്ന മനോഹർ പരീക്കർ ഇതിൽ ഒരു മറുപടി നോട്ട് എഴുതിയിരുന്നെന്നും, പ്രധാനമന്ത്രിയുടെ ഓഫീസ് കാര്യങ്ങൾ നിരീക്ഷിക്കുക മാത്രമാണെന്ന് പരീക്കർ എഴുതിയത് മറച്ചു പിടിച്ചാണ് പത്രം വാർത്ത പുറത്തു വിട്ടതെന്നും നിർമലാ സീതാരാമൻ ആരോപിച്ചു.