Asianet News MalayalamAsianet News Malayalam

മുന്‍ കേന്ദ്ര മന്ത്രി രഘുവംശ പ്രസാദ് കൊവിഡ് ബാധിച്ച് മരിച്ചു; അനുസ്മരിച്ച് നേതാക്കള്‍

ജൂണിലാണ് അദ്ദേഹത്തിന് കൊവിഡ് 19 സ്ഥിരീകരിച്ചത്. രോഗം ഭേദമായെങ്കിലും ആരോഗ്യാവസ്ഥ മോശമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ എയിംസില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

raghuvansh singh who quit lalu yadav party dies in delhi
Author
Patna, First Published Sep 13, 2020, 1:32 PM IST

പട്ന: മുന്‍ കേന്ദ്ര മന്ത്രിയും മുന്‍ ആര്‍ജെഡി നേതാവുമായ രഘുവംശ പ്രസാദ് സിം​ഗ് കൊവിഡ് ബാധിച്ചു മരിച്ചു. 74 വയസ്സായിരുന്നു. ദില്ലി എയിംസിലായിരുന്നു അന്ത്യം. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. നേതൃത്വത്തോട് കലഹിച്ച് കഴിഞ്ഞ ദിവസം ആര്‍ജെഡിയില്‍ നിന്ന് രഘുവംശ പ്രസാദ് രാജി വച്ചിരുന്നു. 

ജൂണിലാണ് അദ്ദേഹത്തിന് കൊവിഡ് 19 സ്ഥിരീകരിച്ചത്. രോഗം ഭേദമായെങ്കിലും ആരോഗ്യാവസ്ഥ മോശമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ എയിംസില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബിഹാറിനും  രാജ്യത്തിനും വലിയ നഷ്ടമാണ് സംഭവിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചു.

ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാന്‍, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി. ഒന്നാം യുപിഎ സര്‍ക്കാരില്‍ ഗ്രാമവികസന മന്ത്രിയായിരുന്ന രഘുവംശ പ്രസാദ്  മൂന്നു പതിറ്റാണ്ടിലേറെയായി ലാലു പ്രസാദ് യാദവിന്‍റെ വിശ്വസ്തനായിരുന്നു.

ആര്‍ജെഡി സ്ഥാപക നേതാവ് കൂടിയായ രഘുവംശ പ്രസാദ് സിങ് വ്യാഴാഴ്ച ലാലുപ്രസാദ് യാദവിന് തുറന്ന കത്തെഴുതിയായിരുന്നു പാര്‍ട്ടി വിടുകയാണെന്ന് അറിയിച്ചത്. എന്നാല്‍, രോഗം ഭേദമായി വന്നശേഷം  പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്നായിരുന്നു ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്  മറുപടി നല്‍കിയത്. 

Follow Us:
Download App:
  • android
  • ios