കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധം നടത്തുന്ന കര്‍ഷകര്‍ക്കെതിരെ കൊലവിളി നടത്തിയ ഹിന്ദുത്വ നേതാവ് രാഗിണി തിവാരിയെ അറസ്റ്റ് ചെയ്യാത്തതെന്താണെന്ന് പ്രശാന്ത് ഭൂഷണ്‍. ഡിസംബര്‍ 17 നകം  സമരം അവസാനിപ്പിച്ച് ദില്ലിയെ മുക്തമാക്കിയില്ലെങ്കില്‍ ജാഫ്രാബാദ് വീണ്ടും ആവര്‍ത്തിക്കുമെന്നും അതിനായി തയ്യാറെടുക്കാനുമാണ് രാഗിണി തിവാരി എന്ന ജാനകി ബഹന്‍ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലൂടെ ഭീഷണി മുഴക്കിയത്. 

അങ്ങനെ സംഭവിച്ചാല്‍ അതിന് ഉത്തരവാദി ദില്ലി സര്‍ക്കാര്‍ ആയിരിക്കുമെന്നുമാണ് മുന്നറിയിപ്പ്. കര്‍ഷകര്‍ തനിയേ ഒഴിഞ്ഞ് പോകാന്‍ തയ്യാറായില്ലെങ്കില്‍ തന്‍റെ നേതൃത്വത്തില്‍ അവരെ ഒഴിപ്പിക്കുമെന്നും രാഗിണി തിവാരി പറയുന്നു. പൗരത്വഭേദഗതിക്കെതിരെ ദില്ലിയില്‍ നടന്ന പ്രതിഷേധത്തിനെതിരെയും ഇവര്‍ സമാനമായ രീതിയില്‍ ഭീഷണി മുഴക്കിയിരുന്നു. ഇത്ര പരസ്യമായി ഭീഷണി മുഴക്കിയിട്ടും ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതെന്താണ് എന്നാണ് പ്രശാന്ത് ഭൂഷണ്‍ ട്വീറ്റില്‍ ചോദിക്കുന്നത്. 

നേരത്തെ ദില്ലിയിലെ കലാപം പൊട്ടിപ്പുറപ്പെടുന്ന സമയത്ത് ഇവര്‍ വിദ്വേഷ പ്രചാരണം നടത്തിയിരുന്നു. സമരം ചെയ്യുന്ന കര്‍ഷകര്‍ക്കെതിരെ കലാപം ചെയ്യണമെന്ന ആവശ്യവുമായാണ് രാഗിണിയുടെ വീഡിയോ. ഫെബ്രുവരിയില്‍ ദില്ലിയിലെ ജാഫ്രാബാദില്‍ നടന്ന കലാപത്തിന് സമാനമാകും കര്‍ഷകര്‍ക്കെതിരായ അക്രമണം എന്നുമാണ് ഭീഷണി. ജാഫ്രാബാദിലെ കലാപത്തിന് കാരണമായെന്ന് പരസ്യമായി സമ്മതിച്ചിട്ടും ഇവര്‍ക്കെതിരെ നടപടയില്ലേയെന്നാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമാവുന്ന ചോദ്യം.