എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിനെതിരെ രാജ്യവ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധം നടത്തുന്ന സാഹചര്യത്തിലാണ് രാഹുല്‍ സമൂഹമാധ്യമത്തിലെ ബയോ മാറ്റിയത്

ദില്ലി:എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിനെതിരെ രാജ്യവ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധം നടത്തുന്നതിനിടെ രാഹുല്‍ ഗാന്ധി സമൂഹമാധ്യമത്തിലെ ബയോ മാറ്റി.അയോഗ്യനാക്കപ്പെട്ട എംപി എന്നാണ് അദ്ദേഹം ട്വിറ്റരിലെ ബയോ മാറ്റിയത് . ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അംഗം എന്നതിനൊപ്പമാണ് അയോഗ്യനാക്കപ്പെട്ട എം പി എന്ന് അദ്ദേഹം ചേര്‍ത്തിരിക്കുന്നത്. 23 ദശലക്ഷം പേരാണ് രാഹുല്‍ഗാന്ധിയെ ട്വിറ്ററില്‍ പിന്തുടരുന്നത്.മോദി സമുദായത്തെ ഒന്നടങ്കം അപമാനിച്ചുവെന്ന പരാതിയില്‍ സൂറത്ത് കോടതി അദ്ദേഹത്തിന് രണ്ട് വര്‍ഷത്തെ ശിക്ഷ വിധിച്ചിരുന്നു. തുടര്‍ന്നാണ് ലോക്സഭ സെക്രട്ടേറിയേറ്റ് അദ്ദേഹത്തെ അയോഗ്യനാക്കിയത്.

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഇന്ന് രാജ് ഘട്ടില്‍ സത്യഗ്രഹം നടത്തുകയാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, പ്രിയങ്ക ഗാന്ധി തുടങ്ങിയ നേതാക്കളും പ്രവര്‍ത്തകരും വൈകീട്ട് അഞ്ച് മണിവരെ നടക്കുന്ന സത്യഗ്രഹത്തില്‍ പങ്കെടുക്കുന്നുണ്ട്.. ജില്ലാ ആസ്ഥാനങ്ങളില്‍ ഗാന്ധി പ്രതിമക്ക് മുന്‍പില്‍ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും രാഹുലിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് പ്രതിഷേധിക്കും. തിങ്കളാഴ്ചയോടെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം