ദില്ലി: കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാന്‍ ഇന്ത്യക്ക് കഴിയില്ലെന്ന് രാഹുല്‍ പറഞ്ഞു. ട്വിറ്ററിൽ പങ്കുവച്ച വീഡിയോയിലൂടെ ആയിരുന്നു രാഹുലിന്റെ ആരോപണം. 

"യുവാക്കൾക്ക് തൊഴിൽ നൽകാൻ ഇന്ത്യക്ക് കഴിയുന്നില്ല .കൊവിഡ് 19 മൂലം കനത്ത നഷ്ടമുണ്ടാകുമെന്ന് ഞാൻ മുന്നറിയിപ്പ് നൽകിയപ്പോൾ മാധ്യമങ്ങൾ എന്നെ കളിയാക്കി. ഇന്ന് ഞാൻ പറയുന്നു, നമ്മുടെ രാജ്യത്തിന് ജോലി നൽകാൻ കഴിയില്ല. നിങ്ങൾ ഇത് സമ്മതിക്കുന്നില്ലെങ്കിൽ 6-7 മാസം കാത്തിരിക്കുക"രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

കഴിഞ്ഞ നാല് മാസത്തിനിടെ ഏകദേശം രണ്ട് കോടിയാളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടുവെന്ന് രാഹുല്‍ ഗാന്ധി നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. രണ്ട് കോടി കുടുംബങ്ങളുടെ ഭാവി ഇരുട്ടിലാണ്. ഫേസ്ബുക്കില്‍ വ്യാജവാര്‍ത്തകളും വിദ്വേഷവും പ്രചരിപ്പിച്ച് തൊഴിലില്ലായ്മയെയും സമ്പദ് വ്യവസ്ഥ തകരുന്നതിനേയും കുറിച്ചുള്ള സത്യങ്ങള്‍ മറച്ചുവെയ്ക്കാനാകില്ലെന്നും രാഹുൽ ട്വീറ്റ് ചെയ്തിരുന്നു.