വാർത്താസമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ​ഗുരുതര ആരോപണങ്ങൾ രാഹുൽ ഉന്നയിച്ചത്.

ദില്ലി: ഒരാൾക്ക് ഒരു വോട്ട് എന്നതാണ് ഭരണഘടനപരമായ അവകാശമെന്നും കഴിഞ്ഞ കുറച്ച് കാലമായി ജനങ്ങൾക്കിടയിൽ സംശയം ഉയർന്നിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് രാഹുൽ​ഗാന്ധി. ബിജെപി മാന്ത്രികവിദ്യയിലൂടെ ഭരണ വിരുദ്ധ വികാരമില്ലാത്ത പാർട്ടിയായി മാറി. എക്സിറ്റ് പോൾ ഫലങ്ങളിൽ നിന്ന് വിപരീതമായ തെരഞ്ഞെടുപ്പ് ഫലം ഉണ്ടാകുകയാണ്. ഹരിയാന തെരഞ്ഞെടുപ്പിൽ അത് കണ്ടതാണ്. ഇതെല്ലാം സംശയങ്ങൾ സൃഷ്ടിച്ചുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ദില്ലിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുൽ ​ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. വോട്ട് മോഷണം എന്ന പേരിൽ പ്രസന്റേഷൻ ‌കാണിച്ചു കൊണ്ടായിരുന്നു രാഹുലിൻ്റെ വാർത്താസമ്മേളനം. 

ചില തെരഞ്ഞെടുപ്പ് ഫലങ്ങൾ ഞെട്ടിച്ചുവെന്നും മഹാരാഷ്ട്രയിലും ഹരിയാനയിലും ഇത് കണ്ടുവെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. മഹാരാഷ്ട്രയിൽ അഞ്ചുവർഷത്തിൽ ചേർത്തവരെക്കാൾ കൂടുതൽ അഞ്ചുമാസം കൊണ്ട് ചേർത്തു. ഹരിയാനയിലെയും കർണാടകയിലെയും തെരഞ്ഞെടുപ്പ് തീയതികൾ മാറ്റിയതിലും സംശയം ഉണ്ട്. മഹാരാഷ്ട്രയിൽ 5 മണിക്ക് ശേഷം പോളിങ് നിരക്ക് കുതിച്ചുയർന്നു. വോട്ടർ പട്ടിക നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ വിസമ്മതിച്ചു. മഹാരാഷ്ട്രയിൽ 40 ലക്ഷം ദുരൂഹ വോട്ടർമാർ വന്നു. സിസിടിവി ദൃശ്യങ്ങൾ ലഭിക്കാതിരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമങ്ങൾ മാറ്റിയെന്നും സിസിടിവി ദൃശങ്ങൾ 45 ദിവസം കഴിയുമ്പോൾ നശിപ്പിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ പറഞ്ഞതായും രാഹുൽ ഗാന്ധി പറഞ്ഞു.

ഇലക്ട്രോണിക് വോട്ടർ പട്ടിക കണക്കുകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകാതിരുന്നത് പരിശോധനകൾ ബുദ്ധിമുട്ടാക്കി. കമ്മീഷൻ ബിജെപിയുമായി ചേർന്ന് വോട്ട് മോഷ്ടിക്കുന്നുവെന്ന് വ്യക്തമാണ്. ഇത് പഠിക്കാൻ ടീമിനെ വച്ചു. വോട്ടർ പട്ടികയിലെ ഓരോ ചിത്രവും പേരും വിവരങ്ങളും വിശദമായി പരിശോധിച്ചു. സോഫ്ട് കോപ്പി തരാത്തതിനാൽ കടലാസ് രേഖകൾ പരിശോധിച്ചുവെന്നും സെക്കന്റുകൾ കൊണ്ട് രേഖ പരിശോധിക്കുന്നത് ആറുമാസം വേണ്ടിവന്നുവെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. ഗുരുതര ആരോപണങ്ങളാണ് കണക്കുകൾ നിരത്തി രാഹുൽ ഗാന്ധി വിശദീകരിച്ചത്. 

YouTube video player