Asianet News MalayalamAsianet News Malayalam

സൂറത്ത് മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയുടെ അസാധാരണ വിജയം: പ്രധാനമന്ത്രിക്കെതിരെ രാഹുൽ ഗാന്ധി

തെരഞ്ഞെടുപ്പ് വെറും സർക്കാരുണ്ടാക്കാൻ മാത്രമുള്ളതല്ലെന്നും ഇത് രാജ്യത്തെയും ഭരണഘടനയേയും രക്ഷിക്കാനുള്ള തെരഞ്ഞെടുപ്പെന്ന് ആവർത്തിക്കുന്നുവെന്നും രാഹുൽ ഗാന്ധി

Rahul Gandhi against Prime Minister Narendra Modi on Surat BJP election win
Author
First Published Apr 22, 2024, 6:02 PM IST | Last Updated Apr 22, 2024, 6:02 PM IST

ദില്ലി: സൂറത്ത് ലോക്സഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയെ ജേതാവായി പ്രഖ്യാപിച്ച സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി  രാഹുല്‍ ഗാന്ധി. ഏകാധിപതിയുടെ യഥാർത്ഥ മുഖം വീണ്ടും തുറന്ന് കാണിക്കപ്പെട്ടുവെന്ന് രാഹുല്‍ഗാന്ധി വിമർശിച്ചു. ജനപ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള ജനങ്ങളുടെ  അവകാശം കവർന്നെടുത്തുവെന്നും ഇത് അംബേദ്ക്കറുടെ ഭരണഘടനയെ തകർക്കാനുള്ള മറ്റൊരു ശ്രമമാണെന്നും വിമർശിച്ച അദ്ദേഹം, ഈ തെരഞ്ഞെടുപ്പ് വെറും സർക്കാരുണ്ടാക്കാൻ മാത്രമുള്ളതല്ലെന്നും ഇത് രാജ്യത്തെയും ഭരണഘടനയേയും രക്ഷിക്കാനുള്ള തെരഞ്ഞെടുപ്പെന്ന് ആവർത്തിക്കുന്നുവെന്നും സമൂഹ മാധ്യമമായ എക്സിൽ കുറിച്ചു.

രാജ്യത്തിന്റെ തെര‌ഞ്ഞെടുപ്പ് ചരിത്രത്തിൽ തന്നെ അപൂർവമാണ് എതിരില്ലാത്ത വിജയങ്ങൾ. മെയ് ഏഴിന് വോട്ടെടുപ്പ് നടക്കുന്ന ഗുജറാത്തിൽ പത്രിക സമ‍ർപ്പണം പൂർത്തിയായപ്പോൾ ബിജെപി അക്കൗണ്ട് തുറക്കുകയായിരുന്നു. സൂറത്തിലെ ബിജെപി സ്ഥാനാർത്ഥി  മുകേഷ് ദലാൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതോടെയായിരുന്നു ഇത്. വെളളിയാഴ്ച്ച പത്രിക സമർപ്പണം പൂർത്തിയായതിനു പിന്നാലെ തുടങ്ങിയ നാടകീയ നീക്കങ്ങളാണ് മുകേഷ് ദലാലിന്റെ വിജയത്തിലെത്തി നിൽക്കുന്നത്.

ശനിയാഴ്ച്ച കോൺഗ്രസ് സ്ഥാനാർത്ഥി നിലേഷ് കുഭാണിയെ പിന്താങ്ങിയ മൂന്നു പേരും പിന്മാറിയിരുന്നു. തങ്ങളുടെ ഒപ്പ് വ്യാജമായി നിലേഷിന്റെ പത്രികയിൽ ഉൾപ്പെടുത്തി എന്ന് സത്യവാങ്മൂലം നൽകിയായിരുന്നു പിന്മാറ്റം. പിന്നാലെ നിലേഷ് കുഭാണിയുടെ പത്രിക തള്ളി. കോണ്ഗ്രസ് ഡമ്മി സ്ഥാനാർത്ഥിയായി നിർത്തിയ സുരേഷ് പഡസലയും സമാന രീതിയിൽ പുറത്തേക്ക് പോയി.

പത്രിക പിൻവലിക്കാനുളള അവസാന ദിവസം ഏഴ് സ്വതന്ത്ര സ്ഥാനാർത്ഥികളും പിന്മാറിയതോടെ മുകേഷ് ദലാൽ തെരഞ്ഞെടുക്കപ്പെട്ടു, എതിരില്ലാതെ. നാമ നിർദേശം ചെയ്തവരും സ്വതന്ത്ര സ്ഥാനാർത്ഥികൾ പിന്മാറിയതിനു പിന്നിൽ ബിജെപിയാണെന്നാണ് പ്രതിപക്ഷ വിമർശനം. തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച കോണ്ഗ്രസ് പ്രതിനിധി സംഘം സൂറത്ത് ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു. നിലേഷ് കുംഭാണിയുടെ പത്രിക തളളിയതിൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഗുജറാത്ത് കോണ്ഗ്രസും വ്യക്തമാക്കി. ആംആദ്മി സഖ്യമായി സംസ്ഥാനത്ത് തിരിച്ചു വരവിന് ശ്രമിക്കുന്ന പാർട്ടിക്ക് കനത്ത തിരിച്ചടിയാവുകയാണ് സൂറത്തിലെ ബിജെപി വിജയം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios