ദില്ലി: ഹാഥ്റസില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ന് സന്ദര്‍ശിക്കും. എന്നാല്‍ ജില്ലാഭരണകൂടം ഇരുവര്‍ക്കും പ്രവേശന വിലക്ക്‌ ഏര്‍പ്പെടുത്താനുളള സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകൾ. 

ഇരുവരുടെയും സന്ദര്‍ശനം തടയാന്‍ ഉത്തര്‍പ്രദേശ് പൊലീസ് ശ്രമം തുടങ്ങി. ജില്ലാ അതിര്‍ത്തി അടയ്ക്കുകയും പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്ത പൊലീസ്, കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിപ്പിച്ചു. അഞ്ചിൽ കൂടുതൽ പേരെ ഹാഥ്റസിൽ ഒത്തുകൂടാൻ അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചു.

അതേസമയം, പ്രിയങ്കയുടെയും ​രാഹുലിന്റെയും സന്ദർശനത്തെക്കുറിച്ച് അറിയില്ലെന്ന് ജില്ലാ മജിസ്‌ട്രേറ്റ് പി ലഷ്‌കർ അറിയിച്ചു. ഇരയുടെ കുടുംബാംഗങ്ങളെ എസ്‌ഐ‌ടി ഇന്ന് സന്ദർശിക്കുമെന്നും മാധ്യമങ്ങളെ സംഭവസ്ഥലത്ത് അനുവദിക്കില്ലെന്നും ഇദ്ദേഹം പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. 

യുവതിയുടെ മൃതദേഹം വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് സംസ്‌കരിച്ചതിനെതിരെ രാജവ്യാപകമായി പ്രതിഷേധം ആളിക്കത്തിയിരുന്നു. അന്വേഷണം അട്ടിമറിക്കാൻ തുടക്കം മുതലേ പൊലീസ് ശ്രമിക്കുന്നുവെന്ന ആരോപണങ്ങള്‍ക്കിടെയാണ് ഒരു നോക്ക് കാണണമെന്ന കുടംബാംഗങ്ങളുടെ അപേക്ഷ പോലും മുഖവിലയ്ക്ക് എടുക്കാതെയുള്ള നടപടി. 

സംഭവത്തില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കാഗാന്ധിയും ഉള്‍പ്പടെ നിരവധി രാഷ്ട്രീയ നേതാക്കളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവെക്കണമെന്ന് പ്രിയങ്ക ആവശ്യപ്പെട്ടിരുന്നു. 

സംസ്ഥാന സർക്കാരിനും കേന്ദ്രസർക്കാരിനുമെതിരെ രോഷം ആളിക്കത്തിയതോടെ പ്രധാനമന്ത്രി നരേന്ദ്രമോദി സംഭവത്തിൽ ഇടപെട്ടു. ക‌ർശന നടപടി സ്വീകരിക്കാൻ യോഗി ആദിത്യനാഥിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനിടെ പെൺകുട്ടിയുടെ കുടുംബത്തിന്  25 ലക്ഷം രൂപ സഹായധനവും കുടുംബത്തിൽ ഒരാൾക്ക് ജോലിയും നൽകുമെന്ന് സർക്കാർ അറിയിച്ചിരുന്നു. യുവതിയുടെ കുടുംബവുമായി യോഗി ആദിത്യനാഥ് കൂടിക്കാഴ്ച്ച നടത്തിയതിന് പിന്നാലെയായിരുന്നു ഈ പ്രഖ്യാപനം.