ബിഹാറിൽ മഹാസഖ്യത്തിലെ ഭിന്നതകൾ മറന്ന് രാഹുൽ ഗാന്ധിയും തേജസ്വി യാദവും സംയുക്ത റാലികൾക്ക് ഒരുങ്ങുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി എൻഡിഎ പ്രചാരണം നയിക്കുന്നു. മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വത്തിൽ അനിശ്ചിതത്വം തുടരുകയാണ്. 

പറ്റ്ന: ബിഹാറിൽ പ്രചാരണം ശക്തമാക്കാൻ മഹാസഖ്യത്തിലെ ഭിന്നതകൾ മറന്ന് രാഹുൽ ഗാന്ധിയും തേജസ്വി യാദവും. സംയുക്ത റാലികളിലേക്ക് നീങ്ങുകയാണ് മഹാസഖ്യം. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി എൻഡിഎയുടെ പ്രചാരണ മുഖമാകും.മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ജെഡിയുവിൻ്റെ നിർദ്ദേശങ്ങൾ ബിഹാർ ഉപമുഖ്യമന്ത്രി തള്ളി.

ഛാഠ് പൂജയുടെ തിരക്കിൽ വീറ് കുറഞ്ഞ പ്രചാരണം മറ്റന്നാളോടെ ശക്തമാക്കാൻ മുന്നണികൾ. സീമാഞ്ചലിലെ മുസഫർപൂർ, ദർഭംഗ എന്നിവിടങ്ങളിൽ 29, 30 തീയതികളിലായാണ് രാഹുൽ ഗാന്ധിയുടെയും തേജസ്വി യാദവിൻ്റെയും സംയുക്ത റാലികൾ. ബിഹാറിലെ മുസ്ലിം ജനസംഖ്യയുടെ 28% സീമാഞ്ചൽ മേഖലയിലാണ്. ഇന്ത്യ സഖ്യത്തിൻ്റെ വോട്ട്ഭിന്നിപ്പിക്കാൻ അസദുദീൻ ഒവൈസിയും സ്ഥാനാർത്ഥികളെ ഇവിടെ ഇറക്കിയിട്ടുണ്ട്. 

മിഥിലാഞ്ചൽ മേഖലയിൽ പെടുന്ന സമസ്തിപൂരിലാണ് നരേന്ദ്ര മോദി ആദ്യ റാലി നടത്തിയത്. മോദിയുടെ റാലികൾക്ക് വീണ്ടും തുടക്കമാകുമ്പോഴും മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വത്തിൽ ബിജെപി മനസ് തുറക്കുന്നില്ല. ജെഡിയുവും ബിജെപിയും തുല്യസീറ്റുകളിൽ മത്സരിക്കുമ്പോൾ ജെഡിയുവിനേക്കാൾ സീറ്റ് കൂടുതൽ കിട്ടുമെന്ന് ബിജെപി പ്രതീക്ഷിക്കുമ്പോൾ സമയമായിട്ടില്ലെന്നാണ് ഉപമുഖ്യമന്ത്രി പറഞ്ഞത്.

അതേസമയം പരമാവധി ഘടകക്ഷികളെ ഒപ്പം നിർത്താൻ നിതീഷ് കുമാർ ശ്രമിക്കുകയാണ്. ഛാഠ് പൂജ ആഘോഷത്തിൽ പങ്കെടുക്കാൻ ബദ്ധവൈരിയായ ചിരാഗ് പാസ്വാൻ്റെ വീട്ടിലെത്തിയത് ഇതിൻ്റെ സൂചനയാണ് നൽകുന്നത്. അതേസമയം അധികാരത്തിൽ വന്നാൽ വഖഫ് ആക്ട് ചവറ്റുകുട്ടയിൽ എറിയുമെന്ന തേജസ്വിയുടെ പ്രഖ്യാപനം മുസ്ലിം വോട്ട് ലക്ഷ്യമിട്ട് സഖ്യത്തിലെ മറ്റ് പാർട്ടികളും ഏറ്റെടുത്തിരിക്കുകയാണ്.