മാന്ദ്യം മറച്ചുവയ്ക്കാന്‍ മോദി രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. 

ദില്ലി: പൗരത്വ പ്രതിഷേധങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയണമെന്ന് രാഹുല്‍ ഗാന്ധി. യുവാക്കളുടെ പ്രതിഷേധം കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് പറഞ്ഞ രാഹുല്‍ അവരുടെ ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രി മറുപടി പറയാന്‍ തയ്യാറാകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. സര്‍വ്വകലാശാലകളില്‍ പോയി വിദ്യാര്‍ത്ഥികളെ കാണണമെന്നും യുവാക്കളോട് മറുപടി പറയാന്‍ പ്രധാനമന്ത്രി ധൈര്യം കാണിക്കണമെന്നും രാഹുല്‍ പരിഹസിച്ചു. അതേസമയം മാന്ദ്യം മറച്ചുവയ്ക്കാന്‍ മോദി രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. 

അതേസമയം പൗരത്വ നിയമത്തിനെതിരെ തുടര്‍പ്രക്ഷോഭം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് വിളിച്ച യോഗം സഖ്യകക്ഷിയായ ഡിഎംകെ ഉള്‍പ്പടെ ഏഴ് പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹിഷ്ക്കരിച്ചു. കേന്ദ്രസര്‍ക്കാരിനെതിരെ രാജ്യവ്യപക പ്രക്ഷോഭത്തിനൊരുങ്ങിയ കേണ്‍ഗ്രസിന് ആദ്യ നീക്കത്തില്‍ തന്നെ കല്ലുകടിച്ചു. സഖ്യകക്ഷിയായ ഡിഎംകെയുടെ അസാന്നിധ്യം തന്നെ പൗരത്വ നിയമ ഭേദഗതിയിലെ തുടര്‍ പ്രക്ഷോഭം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിന്‍റെ ശോഭ കെടുത്തി. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലടക്കം കോണ്‍ഗ്രസുമായുള്ള സ്വരചേര്‍ച്ചയില്ലായ്‍മയാണ് യോഗത്തില്‍ നിന്ന് പിന്മാറാന്‍ ഡിഎംകെയെ പ്രേരിപ്പിച്ചത്.ചര്‍ച്ചക്കുള്ള ക്ഷണം കിട്ടിയില്ലെന്നാണ് പൗരത്വ നിയമ ഭേദഗതിയിലെ വോട്ടെടുപ്പില്‍ ലോക്സഭയിലും രാജ്യസഭയിലും രണ്ട് നിലപാടടെുത്ത ശിവസേനയുടെ പ്രതികരണം.