ദില്ലി: കൊവിഡിനെ നേരിടാന്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി ദേശീയ നേതാവ് രാഹുല്‍ ഗാന്ധി. കൊവിഡ് നിര്‍ണയ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നാണ് രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം. രോഗം സംശയിക്കുന്നവരില്‍ മാത്രമല്ല, അല്ലാത്തവരിലും റാന്‍ഡമായി പരിശോധന നടത്തണമെന്നും സര്‍ക്കാറുകളോട് രാഹുല്‍ നിര്‍ദേശിച്ചു. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി യോഗത്തിലാമ് രാഹുലിന്റെ നിര്‍ദേശം. കുറഞ്ഞ പരിശോധന നടത്തുന്നത് കേന്ദ്ര സര്‍ക്കാറിന്റെ തന്ത്രമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

പരിശോധന ശക്തമാക്കാന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് രാഹുല്‍ പ്രത്യേക നിര്‍ദേശം നല്‍കി. നിരവധി വിദേശികള്‍ എത്തുന്ന അജ്‌മേര്‍ ജില്ലയില്‍ പരിശോധന കര്‍ക്കശമാക്കണമെന്നും രാഹുല്‍ നിര്‍ദേശിച്ചു.  

രോഗം എത്രയും നേരത്തെ നിര്‍ണയിക്കാന്‍ സാധിക്കുന്നുവോ അത്രയും അപകടം കുറയുമെന്നും രാഹുല്‍ പറഞ്ഞു. പരിശോധനകളുടെ എണ്ണം കുറയുന്നതില്‍ കേന്ദ്ര സര്‍ക്കാറിനെ കോണ്‍ഗ്രസ് വിമര്‍ശിച്ചു. പരിശോധനക്കുള്ള സൗകര്യം കൂടുതല്‍ ഒരുക്കണ. ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള സുരക്ഷാ സൗകര്യങ്ങളും ഒരുക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു വര്‍ക്കിംഗ് കമ്മിറ്റി യോഗം.