ദില്ലി: മധ്യപ്രദേശിലെ റേവയിലെ സോളാർ ഊർജ്ജ പദ്ധതിയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് കള്ളമാണെന്ന്  കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ ഏറ്റവും വലിയ സോളാർ ഊർജ്ജ പദ്ധതിയെന്ന് പ്രഖ്യാപനത്തോടെ ഇന്നലെ ഉദ്ഘാടന ചെയ്ത പദ്ധതി ഏഷ്യയിലെ തന്നെ ഏറ്റവും വലുതെന്നായിരുന്നു പ്രഖ്യാപനം.  750 മെഗാവാട്ട് ഉൽപ്പാദന ശേഷിയുള്ള പ്രൊജക്ടാണ് വിഡിയോ കോൺഫറൻസ് വഴി പ്രധാനമന്ത്രി ഇന്നലെ ഉദ്ഘാടനം ചെയ്തത്.

'അസത്യാഗ്രഹി'യെന്നാണ് ഈ പ്രഖ്യാപനത്തെക്കുറിച്ച് രാഹുല്‍ ഗാന്ധി വിശേഷിപ്പിക്കുന്നത്. റേവയിലെ 750 മെഗാവാട്ട് പദ്ധതി രാജ്യത്തെ ഏറ്റവും വലുതാണെങ്കില്‍ കര്‍ണാടകയിലെ പാവഗാഡയിലെ  2000 മെഗാവാട്ട് സോളാര്‍ ഊര്‍ജ്ജ പദ്ധതിയെ എങ്ങനെ വിശേഷിപ്പിക്കുമെന്ന് നേരത്തെ തന്നെ കോണ്‍ഗ്രസ് വിമര്‍ശിച്ചിരുന്നു. കര്‍ണാടകയില്‍ വെറും മൂന്ന് വര്‍ഷത്തിലാണ് പദ്ധതി നിര്‍മ്മിച്ചതെന്നും കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാര്‍ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. രണ്ട് വര്‍ഷം മുന്‍പ് പ്രവര്‍ത്തനം തുടങ്ങിയ ഈ സോളാര്‍ പവര്‍ പ്ലാന്‍റിനേക്കാളും ചെറുതായ മധ്യപ്രദേശിലെ പദ്ധതി ഏഷ്യയിലെ തന്നെ ഏറ്റവും വലിയതായതെങ്ങനെയാണെന്ന് കേന്ദ്ര ഊര്‍ജ്ജമന്ത്രി വിശദമാക്കണമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെടുന്നത്. 

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആവശ്യമാണെന്നും, വരും തലമുറയും ഇതിന്റെ ഗുണഭോക്താക്കളാകും. പദ്ധതി മധ്യപ്രദേശിന് മാത്രമല്ല ദില്ലി മെട്രോ ഉൾപ്പടെയുള്ളവയുടെ പ്രവർത്തനങ്ങൾക്ക് സഹായകമാകുമെന്നും വ്യക്തമാക്കിയായിരുന്നു പ്രധാനമന്ത്രി മധ്യപ്രദേശിലെ സോളാര്‍ ഊര്‍ജ്ജ പദ്ധതി ഉദ്ഘാടനം ചെയ്തത്. 250 മെഗാവാട്ട് ഉൾപ്പാദന ശേഷിയുള്ള 3 യുണിറ്റുകളായാണ് പ്രൊജക്റ്റ് നിർമ്മാണം. 500 ഓളം ഹെക്ടർ സ്ഥലമാണ് ഇതിനാണ് കണ്ടെത്തിയത്.