ഇറ്റലിയില്‍ നിന്ന് അടുത്തിടെ മടങ്ങിയെത്തിയ രാഹുല്‍ ഗാന്ധി കൊവിഡ് 19 പരിശോധനകള്‍ക്ക് വിധേയനാകണമെന്ന് ബിജെപി എംപി.

ദില്ലി: കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ ഇറ്റലിയില്‍ നിന്ന് അടുത്തിടെ മടങ്ങിയെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെയും പരിശോധനയ്ക്ക് വിധേയമാക്കണമെന്നും മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം വിലക്കണമെന്നും ബിജെപി എംപി രമേശ് ബിധുരി. സൗത്ത് ദില്ലിയില്‍ നിന്നുള്ള ബിജെപി എംപിയാണ് ഇദ്ദേഹം. 

രാഹുല്‍ ഗാന്ധി അടുത്തിടെയാണ് ഇറ്റലിയില്‍ നിന്ന് മടങ്ങിയെത്തിയത്. വിമാനത്താവളത്തില്‍ അദ്ദേഹം പരിശോധനയ്ക്ക് വിധേയനായോ എന്ന കാര്യം തനിക്കറിയില്ലെന്നും കൊവിഡ് 19 ബാധ ഉണ്ടോയെന്ന് സ്ഥിരീകരിക്കുന്നതിനായി അദ്ദേഹവും വൈദ്യപരിശോധനയ്ക്ക് വിധേയമാകണമെന്നും ബിധുരി പാര്‍ലമെന്‍റിന് പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു. 

Read More: വീണ്ടും അധ്യക്ഷനാകുമോ? രാഹുല്‍ ഗാന്ധി നിലപാട് വ്യക്തമാക്കിയെന്ന് റിപ്പോര്‍ട്ട്

യൂറോപ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും അധികം ആളുകള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത് ഇറ്റലിയിലാണ്. 2500ഓളം ആളുകള്‍ക്ക് വൈറസ് ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ആഴ്ച വരെ ഇറ്റലിയില്‍ അവധി ആഘോഷിക്കുകയായിരുന്നു രാഹുല്‍ എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.