ദില്ലി: ദില്ലി നിയമസഭ തെരഞ്ഞെടുപ്പില്‍ 62 മണ്ഡലങ്ങളിലും വിജയക്കൊടി പാറിച്ച് ഭരണത്തുടര്‍ച്ച നേടിയ ആം ആദ്മി പാര്‍ട്ടിയെയും മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെയും പ്രശംസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്റില്‍ ചുരുങ്ങിയ വാക്കുകള്‍ കൊണ്ടായിരുന്നു രാഹുലിന്‍റെ അഭിനന്ദനം. ദില്ലി തെരഞ്ഞെടുപ്പില്‍ വിജയിച്ച എഎപിക്കും അരവിന്ദ് കെജ്‍രിവാളിനും എന്‍റെ അഭിനന്ദനവും ആശംസകളുമെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. 

ദില്ലി തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസ് പാര്‍ട്ടി തുടര്‍ച്ചയായ രണ്ടാം തവണയും തകര്‍ന്നടിഞ്ഞിരുന്നു. വോട്ട് വിഹിതത്തിലും കുറവ് വന്ന കോണ്‍ഗ്രസിന് തുടര്‍ച്ചയായ രണ്ടാം തെരഞ്ഞെടുപ്പിലും അക്കൗണ്ട് തുറക്കാനായില്ല. തുടര്‍ച്ചയായി മൂന്ന് ടേം ദില്ലി ഭരിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. 

കോണ്‍ഗ്രസിന്‍റെ ദയനീയ പരാജയത്തെ തുടര്‍ന്ന് പാര്‍ട്ടിക്കകത്തും പുറത്തും രൂക്ഷ വിമര്‍ശനമുയരുന്നുണ്ട്. ജനവിധി അംഗീകരിക്കുന്നു. താഴേക്കിടയിലുള്ള പ്രവര്‍ത്തനത്തിലൂടെ ദില്ലിയില്‍ കോണ്‍ഗ്രസിനെ തിരിച്ചുകൊണ്ടുവരുമെന്ന് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാലെ പറഞ്ഞു. അലസമായ പ്രചാരണം, നേതൃത്വത്തിന്‍റെ അഭാവം, ബലമില്ലാത്ത സംഘാടനം എന്നിവയാണ് തോല്‍വിക്കുള്ള കാരണമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.