കട ഉടമ ബഹളം വച്ചതോടെ പരിസരത്തുണ്ടായിരുന്നവർ വാഹനങ്ങളിൽ ഏറെ ദൂരം പിന്തുടർന്നെങ്കിലും നന്പർ പ്ലേറ്റ് ഇല്ലാത്ത സ്കൂട്ടറിൽ മോഷ്ടാക്കൾ അതിവേഗം കടന്നുകളഞ്ഞു.
പന്തീരാങ്കാവ്:കോഴിക്കോട് പന്തീരാങ്കാവിൽ പട്ടാപ്പകൽ ജ്വല്ലറിയിൽ മോഷണം. 17 ഗ്രാമിന്റെ രണ്ട് വളകൾ മോഷണം പോയി. ആഭരണം വാങ്ങാനെന്ന വ്യാജേന എത്തിയ രണ്ടുപേരാണ് വളകളുമായി കടന്നുകളഞ്ഞത് ഉച്ചയ്ക്ക് 2.21 ഓടെയാണ് സംഭവം. പന്തീരാങ്കാവ് ഫാഷൻ ജ്വല്ലറിയിലേക്ക് രണ്ടുപേർ സ്കൂട്ടറിൽ വന്നിറങ്ങി. മാസ്ക് വച്ച ഒരാൾ അകത്തുകയറി. നാല് വളകൾ നോക്കാനെടുത്തു. മറ്റാരെയോ വീഡിയോ കോൾ ചെയ്ത് വള കാണിച്ച് കൊടുത്തു. കട ഉടമയുടെ ശ്രദ്ധ മാറിയ ഉടനെ പൊടുന്നനെ കയ്യിൽ കിട്ടിയ രണ്ട് വളകളുമായി ഇറങ്ങിയോടി. സ്കൂട്ടറിൽ കാത്തുനിന്ന ആളിനൊപ്പം ദേശീയപാത വഴി രക്ഷപ്പെട്ടു.
കട ഉടമ ബഹളം വച്ചതോടെ പരിസരത്തുണ്ടായിരുന്നവർ വാഹനങ്ങളിൽ ഏറെ ദൂരം പിന്തുടർന്നെങ്കിലും നന്പർ പ്ലേറ്റ് ഇല്ലാത്ത സ്കൂട്ടറിൽ മോഷ്ടാക്കൾ അതിവേഗം കടന്നുകളഞ്ഞു. സമാനമായ രീതിയിൽ പൂവാട്ടുപറന്പ്, പെരുമണ്ണ ഭാഗങ്ങളിലും മോഷണ ശ്രമങ്ങൾ നടന്നിരുന്നു. ദേശീയപാതയിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.


