ദില്ലി: ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ വിമര്‍ശനമുയര്‍ത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വീണ്ടും രംഗത്ത്. കേന്ദ്ര സര്‍ക്കാറിന്റെ ഭീരുത്വ നടപടികള്‍ കാരണം രാജ്യം കനത്ത വിലനല്‍കേണ്ടി വരുമെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തായിരുന്നു രാഹുലിന്റെ വിമര്‍ശനം. ചൈന നമ്മുടെ ഭൂമി കൈയടക്കിയപ്പോള്‍ ചേംബര്‍ലെയ്‌നെ പോലെയാണ് സര്‍ക്കാര്‍ പെരുമാറിയതെന്ന് രാഹുല്‍ വിമര്‍ശിച്ചു. സര്‍ക്കാറിന്റെ നടപടി ചൈനയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതാണെന്നും രാഹുല്‍ വ്യക്തമാക്കി. 

ചൈന നമ്മുടെ ഭൂമി സ്വന്തമാക്കിയപ്പോള്‍ ചേംബര്‍ലെയ്‌നെപ്പോലെയായിരുന്നു കേന്ദ്ര സര്‍ക്കാറിന്റെ പെരുമാറ്റം. ഇത് ചൈനയെ കൂടുതല്‍ ശക്തിപ്പെടുത്തും. സര്‍ക്കാറിന്റെ ഭീരുത്വ നടപടികള്‍ക്ക് രാജ്യം കനത്ത വില നല്‍കേണ്ടി വരും-രാഹുല്‍ ട്വീറ്റ് ചെയ്തു. 

രണ്ടാം ലോക മഹായുദ്ധകാലത്ത് ജര്‍മ്മനിയെ പ്രീതിപ്പെടുത്തുന്ന നയമായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ചേംബര്‍ലെയ്ന്‍ സ്വീകരിച്ചിരുന്നത്. 
കഴിഞ്ഞ ദിവസമാണ് രാജ്‌നാഥ് സിംഗ് ലഡാക്ക് സന്ദര്‍ശിച്ചത്. ചൈനയുമായുള്ള അതിര്‍ത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും ഒരു ശക്തിക്കും ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും കൈയേറാനാകില്ലെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കിയിരുന്നു. ഇന്ത്യ-ചൈന പ്രശ്‌നത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും രാഹുല്‍ ഗാന്ധി രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു.