ദില്ലി: ബിജെപി എംഎൽഎ പൂർണേഷ് മോദി നൽകിയ അപകീർത്തി കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് സൂറത്ത് കോടതിയുടെ സമൻസ്. മോദിയെന്ന് പേരുള്ളവരെല്ലാം കള്ളന്മാരെന്ന പരാമർശത്തിനെതിരെയാണ് പൂർണേഷ് മോദി കേസ് നൽകിയത്. ജൂലൈ 16 ന് രാഹുൽ ഗാന്ധി സൂറത്ത് കോടതിയിൽ ഹാജരാകണം.

കര്‍ണാടകയിലെ കോളാറില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു രാഹുലിന്‍റെ വിവാദപരാമര്‍ശം. ഇതേ പരാമർശത്തിന് ബിഹാർ ബിജെപി നേതാവ് സുശീൽ കുമാർ മോദി നൽകിയ അപകീർത്തി കേസിൽ പട്ന കോടതി രാഹുലിന് ജാമ്യം നൽകിയിരുന്നു. ഏപ്രിൽ പതിമൂന്നിന് നടത്തിയ പ്രസംഗത്തിൽ നീരവ് മോദിയെയും ലളിത് മോദിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പേരെടുത്താണ് രാഹുൽ വിമർശിച്ചത്. 

'കള്ളന്മാരുടെയെല്ലാം പേരുകളില്‍ എങ്ങനെയാണ് മോദി എന്ന് വന്നത്. നരേന്ദ്ര മോദി, ലളിത് മോദി, നീരവ് മോദി എല്ലാവരുടേയും പേരില്‍ മോദിയുണ്ട്. ഇനി ഇതുപോലുള്ള എത്ര മോദിമാര്‍ വരാനുണ്ടെന്ന് പറയാന്‍ കഴിയില്ല' എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.